
കട്ടപ്പന: തുടച്ചർയായ കാട്ടാന ശല്യം മൂലം പൊറുതി മുട്ടിയിരിക്കുയാണ് ഇടുക്കി ഉപ്പുതറക്കടുത്ത് കോതപാറയിലെ കർഷകർ. നിരവധി പേരുടെ കൃഷി കാട്ടാനക്കൂട്ടം നശിപ്പിച്ചു. കാട്ടിലേക്ക് കയറാതെ വനത്തിന്റെ അതിർത്തിയിൽ ആന നിൽക്കുന്നത് ജനങ്ങളെ ആശങ്കയിലാക്കിയിരിക്കുകയാണ്.
ഇടുക്കി വന്യജീവി സങ്കേതത്തോട് അതിർത്തി പങ്കിടുന്ന മേഖലയാണ് ഉപ്പുതറ പഞ്ചായത്തിലെ കോതപാറ. ഇവിടെയാണ് കഴിഞ്ഞ രണ്ടാഴ്ചയിലധികമായി കാട്ടാന ആക്രമണം രൂക്ഷമായിരിക്കുന്നത്. രാത്രി കാലങ്ങളിൽ കൃഷിയിടത്തിലെത്തുന്ന കാട്ടാനക്കൂട്ടം വാഴ, ഏലം തുടങ്ങിയ കൃഷികളെല്ലാം നശിപ്പിക്കുകയാണ്. രാത്രിയിൽ പേടിച്ചിട്ട് പുറത്തിറങ്ങാനും കഴിയുന്നില്ല. വന്യജീവികൾ കടക്കാതിരിക്കാൻ സ്ഥാപിച്ച് വൈദ്യുത വേലി തകർന്നു കിടക്കുന്ന ഭാഗത്തൂടെയാണ് കാട്ടാനകളെത്തുന്നത്.
രാത്രി കൃഷിയിടത്തിൽ എത്തുന്ന കാട്ടാനകൾ പകൽ കോതപാറ മേട്ടിൽ തമ്പടിക്കുകയാണിപ്പോൾ. മൂന്നെണ്ണമാണ് ഈ കൂട്ടത്തിലുള്ളത്. ആനകളെ തുരത്താൻ നടപടികളുണ്ടായില്ലെങ്കിൽ വനംവകുപ്പ് ഓഫീസ് ഉപരോധമടക്കമുള്ള സമരം നടത്താനാണ് കർഷകരുടെ തീരുമാനം.
ഭീമൻ പെരുമ്പാമ്പിനെ തിരുവനന്തപുരത്ത് പിടികൂടി; നീളം 12 അടി, തൂക്കം 15 കിലോ
തിരുവനന്തപുരം കല്ലറ ഭരതന്നൂരിന് അടുത്ത് രാമരശ്ശേരിയിൽ നിന്ന് വലിയ പെരുമ്പാമ്പിനെ പിടികൂടി. നാട്ടുകാരാണ് 12 അടി നീളമുള്ള പെരുന്പാമ്പിനെ പിടികൂടിയത്. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. രാമരശ്ശേരി ഏലായിലെ റോഡിലൂടെ ബൈക്കിൽ സഞ്ചരിച്ച രണ്ട് പേരാണ് പെരുമ്പാമ്പ് റോഡിന് കുറുകെ കിടക്കുന്നത് കണ്ടത്. ഇവർ വിവരമറിയിച്ചതിനെ തുടർന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പെരുമ്പാമ്പിനെ വനം വകുപ്പ് ഉദ്യോഗസ്ഥർ കൊണ്ടുപോയി. കഴിഞ്ഞ ദിവസങ്ങളിൽ സമീപത്തെ വീടുകളിൽ നിന്ന് കോഴികളെ കാണാതായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇവയെ പെരുമ്പാമ്പ് തിന്നതാവാം എന്നാണ് കരുതുന്നത്. 15 കിലോ ഭാരമുള്ള പെരുമ്പാമ്പിനെ ഉൾവനത്തിലേക്ക് വിടാനാണ് ഇപ്പോഴത്തെ തീരുമാനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam