കെഎസ്ആർടിസി കണ്ടക്ടറുടെ മർദ്ദനമേറ്റ വിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച കരൾ രോഗി മരിച്ചു

By Web TeamFirst Published Dec 7, 2021, 11:36 AM IST
Highlights

ബസിൽ കിടന്ന് ഉറങ്ങിയതിന് മദ്യപാനിയെന്ന് വിളിച്ച് കണ്ടക്ടർ മർദ്ദിച്ചുവെന്നാണ് പരാതി

കൊല്ലം: കെഎസ്ആർടിസി കണ്ടക്ടർ മർദ്ദിച്ചതിന്റെ മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച കരൾ രോഗി മരിച്ചു. കൊല്ലം ഭരതിപുരം സ്വദേശി അനിയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ മരിച്ചത്. ഗുരുതര കരൾരോഗിയായ അനിയുടെ ആരോഗ്യനില ആത്മഹത്യാ ശ്രമത്തെ തുടർന്ന് വഷളായിരുന്നു. ആശുപത്രിയിൽ നിന്ന് പരിശോധന കഴിഞ്ഞ് മടങ്ങുമ്പോൾ കഴിഞ്ഞ 20നാണ് അനിക്ക് മർദനമേറ്റതെന്ന് ബന്ധുക്കൾ പറയുന്നു. ബസിൽ കിടന്ന് ഉറങ്ങിയതിന് മദ്യപാനിയെന്ന് വിളിച്ച് കണ്ടക്ടർ മർദ്ദിച്ചുവെന്നാണ് പരാതി.

മെഡിക്കൽ കോളെജ് ആശുപത്രിയിലെ പതിവ് പരിശോധനയ്ക്ക് ശേഷം സഹോദരനൊപ്പം മടങ്ങവേ നവംബർ 20നാണ് അനിയെ കണ്ടക്ടർ മർദ്ദിച്ചതെന്ന് ബന്ധുക്കൾ പറയുന്നു. മെഡിക്കൽ കോളെജ് ആശുപത്രിയിലെ പരിശോധനയ്ക്ക് ശേഷം  കേശവദാസപുരത്ത് നിന്നും പുനലൂർ ഡിപ്പോയിലെ ബസിലായിരുന്നു മടക്കം.  ക്ഷീണിതനായിരുന്ന അനി പുറകിലെ സീറ്റിൽ കിടന്നുറങ്ങി. ഇതു കണ്ട് വന്ന കണ്ടക്ടർ രാജീവ്, മദ്യപനെന്ന് വിളിച്ച് അനിയെ വഴക്ക് പറഞ്ഞെന്നും മ‍ർദ്ദിച്ചെന്നുമാണ് ബന്ധുക്കൾ പറയുന്നത്. ഗുരുതര രോഗിയായിരുന്ന അനിയുടെ ആരോഗ്യാവസ്ഥ ഇതോടെ വഷളായി. പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ വെള്ളിയാഴ്ച  രാത്രി, ആരോടും പറയാതെ വീട്ടിലെത്തിയാണ് അനി ആത്മഹത്യക്ക് ശ്രമിച്ചത്.

രോഗിയാണെന്ന വിവരം സഹോദരൻ പറഞ്ഞിട്ടും തടുക്കാൻ ശ്രമിച്ചിട്ടും കണ്ടക്ടർ മർദ്ദിച്ചെന്നാണ് ബന്ധുക്കൾ പറയുന്നത്.  ബഹളത്തിന് പിന്നാലെ ബസ് വട്ടപ്പാറ പൊലീസ് സ്റ്റേഷനിലെത്തിച്ചപ്പോൾ, പൊതുസ്ഥലത്ത് ബഹളമുണ്ടാക്കിയതിന് അനിക്കെതിരെ പൊലീസ് കേസെടുത്തെന്നവും പെറ്റിയടക്കാൻ ആവശ്യപ്പെട്ടെന്നും ആരോപണമുണ്ട്. തന്റെ സീറ്റിൽ കാലുവെച്ചിരുന്നത് ചോദ്യം ചെയ്തപ്പോൾ അനിയാണ് തന്നെ മർദ്ദിച്ചതെന്ന് കണ്ടക്ടർ രാജീവിന്റെ വിശദീകരണം. രാജീവിനെതിരെ മനുഷ്യാവകാശ കമ്മീഷനും കെഎസ്ആർടി എംഡിക്കും നെടുമങ്ങാട് പൊലീസിനും അനി പരാതി നൽകിയിരുന്നു.    പരാതി കെഎസ്ആർടിസി വിജിലൻസ് പരിശോധിക്കുകയാണെന്നാണ് പുനലൂർ യൂണിറ്റ് ഓഫീസറുടെ വിശദീകരണം.

click me!