
പത്തനംതിട്ട: വിവാഹസംഘത്തിലെ ഒരാൾ പോലും ബാറിൽ കയറിയിട്ടില്ലെന്നും അതിന് തെളിവായി ഡിജിറ്റൽ എവിഡൻസ് തന്നെ കൈയ്യിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി കാര്യങ്ങൾ കുറച്ചു കൂടി പരിശോധിക്കണമായിരുന്നു. തങ്ങൾ ബാറിന് മുൻപിൽ കൂടിയാണ് പോയത്. അവിടെ പ്രശ്നം ഉള്ളതായി ഞങ്ങൾക്ക് അറിയില്ലായിരുന്നു. പൊലീസിനോട് എന്തിനാണ് അടിക്കുന്നതെന്ന് ചോദിച്ചപ്പോൾ അതിന് മറുപടിയൊന്നും ഉണ്ടായിരുന്നില്ല. ഓടെടാ എന്ന് പറഞ്ഞാണ് പോലിസ് അടിച്ചത്. പറയുന്നത് കേൾക്കാൻ പോലീസ് തയ്യാറായില്ല. ഭരണഘടന സംരക്ഷിക്കേണ്ടവർ തന്നെ ദുരനുഭവം തന്നു. മുഖ്യമന്ത്രി സത്യസന്ധമായി അന്വേഷണം നടത്തണം. ഉദ്യോഗസ്ഥർ എഴുതി കൊടുക്കുന്നത് വായിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. സ്ത്രീക്ക് മേൽ ഉള്ള ആക്രമണത്തെ കുറിച്ച് മുഖ്യമന്ത്രി ഒന്നും പറഞ്ഞില്ല. അത് മുഖ്യമന്ത്രി അന്വേഷിക്കേണ്ടതായിരുന്നുവെന്നും വിവാഹ സംഘത്തിലെ ആലപ്പുഴ സ്വദേശിയായ ഷിജിൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
പത്തനംതിട്ടയിൽ മർദ്ദിച്ച പൊലീസുകാർക്കെതിരെ നടപടിയെടുത്തുവെന്ന് പറഞ്ഞ മുഖ്യമന്ത്രി ബാറിൽ പ്രശ്നമുണ്ടാക്കിയതിൻ്റെ പേരിലാണ് പൊലീസ് സ്ഥലത്തെത്തി ലാത്തിവീശിയതെന്നാണ് ഇന്ന് നിയമസഭയിൽ വിശദീകരിച്ചത്. സംസ്ഥാനത്ത് ഗുണ്ടകളുടെ അഴിഞ്ഞാട്ടമാണ് നടക്കുന്നതെന്നും ക്രമസമാധാന നില പൂർണ്ണമായും തകർന്നുവെന്നും അടിയന്തിര പ്രമേയ നോട്ടീസിൽ പ്രതിപക്ഷം ആരോപണം ഉന്നയിച്ചപ്പോഴാണ് പൊലീസിനെ ജനകീയ സേനയെന്ന് വിശേഷിപ്പിച്ച് ന്യായീകരിച്ച് മുഖ്യമന്ത്രി മറുപടി പറഞ്ഞത്.
ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ പൊലീസിന് അധിക്ഷേപിക്കേണ്ടെന്നും രാജ്യത്തെ ഏറ്റവും മികച്ച ക്രമസമാധാന നില കേരളത്തിലാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ ചെന്താമര നെന്മാറയിൽ നടത്തിയ ഇരട്ടക്കൊലയും പത്തനംതിട്ടയിൽ വിവാഹസംഘത്തെ പൊലീസ് മർദ്ദിച്ചതുമെല്ലാം ഉന്നയിച്ചായിരുന്നു പൊലീസ് വീഴ്ചയിലെ പ്രതിപക്ഷ അടിയന്തിര പ്രമേയ നോട്ടീസ്. നെന്മാറയിൽ പൊലീസിനെ പൂർണ്ണമായും തള്ളാതെയായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ജാമ്യവ്യവസ്ഥ ലംഘിച്ചാൽ അറസ്റ്റ് ചെയ്യാനാകില്ല. ചെന്താമരക്കെതിരായ പരാതി ഗൗരവത്തോടെ എടുക്കാത്തതിൽ പൊലീസിന് വീഴ്ചപറ്റിയെന്ന് സമ്മതിച്ച പിണറായി വിജയൻ, നെന്മാറയിലും പത്തനംതിട്ടയിലും വീഴ്ചകളിൽ പൊലീസുകാർക്കെതിരെ നടപടി എടുത്തുവെന്നും വിശദീകരിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam