കൊവിഡ് നിയന്ത്രണത്തിന്റെ പേരിൽ പൊലീസിന്റെ മൂന്നാംമുറ, തമിഴ്നാട്ടിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു

By Web TeamFirst Published Jun 23, 2021, 4:26 PM IST
Highlights

കൊവിഡ് നിയന്ത്രണങ്ങളുടെ പേരിൽ സേലം ചെക്ക്പോസ്റ്റിൽ വെച്ച് പൊലീസ് ഒരു മണിക്കൂറോളം മുരുകേശനെ മർദിച്ചതായാണ് വിവരം.

ചെന്നൈ: തമിഴ്നാട് സേലം ചെക്ക് പോസ്റ്റില്‍ കൊവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ നാല്‍പ്പതുകാരനെ പൊലീസ് ലാത്തി കൊണ്ട് അടിച്ചുകൊന്നു. സേലത്തെ ചെറുകിടവ്യാപാരിയായ മുരുകേശനാണ് കൊല്ലപ്പെട്ടത്. സത്യവാങ്മൂലം ഇല്ലാത്തതിന്‍റെ പേരിലുണ്ടായ വാക്കേറ്റത്തെ തുടര്‍ന്നായിരുന്നു പൊലീസ് മര്‍ദ്ദനം. മുരുകേശനെ ക്രൂരമായി മര്‍ദിച്ച എഎസ്ഐ പെരിയസ്വാമിയെ അറസ്റ്റ് ചെയ്തു.

സേലം കള്ളക്കുറിച്ചി അതിര്‍ത്തി ചെക്ക്പോസ്റ്റിലായിരുന്നു പൊലീസ് ക്രൂരത. സേലത്തെ ചെറുകിട വ്യാപാരികളായ മുരുകേശനും സുഹൃത്തും കള്ളക്കുറിച്ചിയില്‍ പോയി തിരികെവരുമ്പോഴായിരുന്നു സംഭവം. കച്ചവടാവശ്യങ്ങള്‍ക്കായി ബൈക്കിലായിരുന്നു യാത്ര. എന്നാല്‍ മദ്യം വാങ്ങാന്‍ ജില്ലാതിര്‍ത്തി കടന്ന് പോയതാണോയെന്ന് ചോദിച്ചാണ് പൊലീസ് വാഹനം തടഞ്ഞത്. സത്യവാങ്മൂലവും പാസ്സും ആവശ്യപ്പെട്ടതോടെ വാക്കേറ്റമായി. എഎസ്ഐയോടെ കയര്‍ത്ത് സംസാരിച്ച മുരുകേശനെ റോഡില്‍ വലിച്ചിഴച്ച് മര്‍ദിച്ചു. പിന്നാലെ പൊലീസ് ടെന്‍റിലും  ജിപ്പിലുമിട്ട്  മണിക്കൂറോളം അതിക്രൂരമായി ഉപദ്രവിച്ചു.

അബോധാവസ്ഥയിലായ മുരുകേശനെ പിന്നീട് വലിച്ചിഴച്ച് കൊണ്ട് വന്ന് റോഡില്‍ തന്നെ പൊലീസ് ഉപേക്ഷിച്ചു. തടയാന്‍ ശ്രമിച്ച സുഹൃത്തിനെയും മര്‍ദിച്ചു. ഇരുവരും മദ്യപിച്ചിരുന്നെന്നാണ് പൊലീസ് വാദം. റോഡില്‍ അവശനായി കിടന്ന മുരുകേശനെ പ്രദേശവാസികള്‍ ചേര്‍ന്നാണ് പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ എത്തിച്ചത്. പിന്നീട് സേലം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും മരണപ്പെട്ടു.

മുരുകേശന്‍റെ ആന്തരികാവയവങ്ങള്‍ക്കും ക്ഷതമേറ്റിരുന്നു.മൃതദേഹം ഏറ്റെടുക്കാതെ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചു. വ്യാപക പ്രതിഷേധങ്ങള്‍ക്ക് ഒടുവില്‍ സേലം എസ്പിയോട് ഡിജിപി റിപ്പോര്‍ട്ട് തേടി. മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയ എഎസ്ഐ പെരിയസ്വാമിയെ സസ്പെന്‍ഡ് ചെയ്തു. എഎസ്ഐക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്തു.

മാസങ്ങള്‍ക്ക് മുമ്പാണ് തൂത്തുക്കുടിയില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കിടെ കടയടക്കാന്‍ അഞ്ച് മിനിറ്റ് വൈകിയതിന്‍റെ പേരില്‍ അച്ഛനെയും മകനെയും പൊലീസ് ലോക്കപ്പ് മര്‍ദ്ദനത്തിന് ഇരയാക്കി കൊന്നത്.ഇതിന്‍റെ ഞെട്ടല്‍ വിട്ടുമാറും മുമ്പാണ് വീണ്ടും പൊലീസ് ക്രൂരത.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!