
കണ്ണൂർ: കണ്ണൂരിൽ വെള്ളക്കെട്ടിൽ വീണ് ഒരാൾ മരിച്ചു. കണ്ണൂർ സിറ്റി നാലുവയലിൽ വെള്ളക്കെട്ടിൽ വീണ് ഒരാൾ മരിച്ചു. താഴത്ത് ഹൌസിൽ ബഷീർ (50) ആണ് മരിച്ചത്. വീടിന് മുന്നിലെ വെള്ളക്കെട്ടിൽ കാൽ വഴുതി വീണാണ് അപകടം. മൃതദേഹം ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
സംസ്ഥാനത്ത് അതിശക്തമായ മഴ വ്യാപകമായി തുടരുന്നു. റെഡ് അലർട്ടുള്ള കണ്ണൂരും കാസർകോടും ഇടുക്കിയിലും അതിശക്തമായി മഴ പെയ്യുകയാണ്. പാലക്കാട് തെങ്ങ് കടപുഴകി വീണ് ഒരു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെമ്പാടും വ്യാപകമായി മരങ്ങൾ കടപുഴകി വീണു. ഈ അപായങ്ങളിൽ നിന്ന് നിരവധി പേരാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. കനത്ത മഴ കണക്കിലെടുത്ത് കാസർകോട് പ്രൊഫഷണൽ കോളേജുകൾ ഒഴികെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കണ്ണൂർ ജില്ലയിൽ കോളേജുകളടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
മലപ്പുറം പൊന്നാനി തീരത്തു മുപ്പതോളം വീടുകളിൽ കടൽക്ഷോഭത്തിൽ വെള്ളം കയറി. വെളിയങ്കോട്, പാലപ്പെട്ടി ഭാഗങ്ങളിലാണ് വെള്ളം കയറിയത്. കുടുംബങ്ങൾ ബന്ധു വീടുകളിലേക്ക് മാറി. ചങ്ങരംകുളം ഹൈവേ ജംക്ഷനിൽ മരം കടപുഴകി വീണു. കാൽനടയാത്രക്കാരും വാഹനങ്ങളും ഇല്ലാത്തത് കാരണം വലിയ അപകടം ഒഴിവായി. ഫയർ ഫോഴ്സ് എത്തി മരം മുറിച്ചു മാറ്റി. ഒതുക്കുങ്ങൽ മറ്റത്തൂരിൽ വീടിനു മുകളിലേക്ക് തെങ്ങ് കടപുഴകി വീണു. കാരാട്ടിൽ മുഹമ്മദ് ശരീഫിന്റെ വീടിനു മുകളിലാണ് തെങ്ങ് വീണത്. വീടിന്റെ ഓടുകൾ തകർന്നു. ആർക്കും പരിക്കില്ല. നിലമ്പൂരിൽ ദുരന്ത സാധ്യതയുള്ള സ്ഥലങ്ങളിൽ ദേശീയ ദുരന്ത നിവാരണ സംഘം സന്ദർശനം നടത്തി. എൻഡിആർഎഫിന്റെ ഇരുപത് പേരടങ്ങിയ സംഘമാണ് ജില്ലയിൽ ക്യാമ്പ് ചെയ്യുന്നത്.
വടക്കഞ്ചേരി പല്ലാറോഡ് പാടത്ത് കള വലിക്കുന്നതിനിടയിൽ തെങ്ങ് മറിഞ്ഞു വീണ് ആദിവാസി സ്ത്രീക്ക് ദാരുണാന്ത്യം സംഭവിച്ചിട്ടുണ്ട്. പല്ലാറോഡ് കുമാരൻ മണിയുടെ ഭാര്യ തങ്കമണിയാണ് മരിച്ചത്. ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കാണ് സംഭവം. പാടത്ത് കള വലിക്കുന്നതിനിടെ തെങ്ങ് കടപുഴകി ഇലക്ട്രിക്ക് ലൈനിലേക്കും ശേഷം താഴേക്കും പതിക്കുകയായിരുന്നു. തങ്കമണി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അപകടത്തിൽ വൈദ്യുതി നിലച്ചത് മൂലം വൻ ദുരന്തം ഒഴിവായി.നാല് പേരാണ് ഈ സമയം പാടത്ത് കള വലിക്കാനുണ്ടായിരുന്നത്. കൂടെയുണ്ടായിരുന്ന വെള്ളച്ചിക്ക് നിസാരമായ പരുക്കേറ്റു. ഇവരെ വടക്കഞ്ചേരിയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam