
ഇടുക്കി: ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലിരുന്ന ആൾ മരിച്ചു. ഇടുക്കി കഞ്ഞിക്കുഴി സ്വദേശി തൂങ്ങാലയിൽ ബൈജു ജോസ് (45) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു അന്ത്യം. ബൈജുവിന് ഹൃദയത്തിനും കരളിനും മറ്റ് രോഗങ്ങൾ ഉണ്ടായിരുന്നുവെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
ബുധനാഴ്ച നടത്തിയ പരിശോധനയിലാണ് ഡെങ്കിപ്പനിയുണ്ടെന്ന് കണ്ടെത്തിയത്. കഴിഞ്ഞ ഒരാഴ്ചയായി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു ബൈജു. കോട്ടയം മെഡിക്കൽ കോളജിൽ നിന്നുള്ള റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ യഥാർത്ഥ മരണ കാരണം അറിയാൻ കഴിയുകയുള്ളുവെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.
ഡെങ്കിപ്പനി ; ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?
ഈഡിസ് കൊതുകുകൾ വഴിയാണ് ഡെങ്കിപ്പനി മനുഷ്യരിലേക്ക് പകരുന്നത്. കടുത്ത പനി, കടുത്ത തലവേദന, സന്ധികളിലും പേശികളിലും വേദന, ക്ഷീണം, ഛർദ്ദി, വിശപ്പില്ലായ്മ എന്നിവ ഡെങ്കിപ്പനിയുടെ പ്രധാനപ്പെട്ട ലക്ഷണങ്ങളാണ്. ആദ്യം തന്നെ ചികിത്സ തേടിയില്ലെങ്കിൽ ഡെങ്കിപ്പനി ഗുരുതരമാകുകയും ജീവൻവരെ നഷ്ടമാകുകയും ചെയ്യാം.
ഡെങ്കിപ്പനി പകരുന്നത്
ഡെങ്കിപ്പനി ബാധിച്ച രോഗിയിൽ നിന്നും ഈഡിസ് ഇനത്തിൽപ്പെട്ട പെൺകൊതുകുകൾ രക്തം കുടിക്കുന്നതോടെ രോഗാണുക്കളായ വൈറസുകൾ കൊതുകിനുള്ളിൽ കടക്കുന്നു. 8-10 ദിവസങ്ങൾക്കുള്ളിൽ വൈറസുകൾ കൊതുകിന്റെ ഉമിനീർ ഗ്രന്ഥിയിൽ പ്രവേശിക്കുന്നു. ഈ കൊതുകുകൾ ആരോഗ്യമുള്ള ഒരാളിന്റെ രക്തം കുടിക്കുന്നതോടൊപ്പം രോഗാണുക്കളെ മുറിവിലൂടെ ശരീരത്തിനുള്ളിൽ പ്രവേശിപ്പിക്കുകയും ചെയ്യുന്നു. രോഗാണുക്കൾ മനുഷ്യശരീരത്തിൽ എത്തി 3-14 ദിവസം കഴിയുമ്പോൾ ലക്ഷണങ്ങൾ പ്രകടമാകുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam