Asianet News MalayalamAsianet News Malayalam

ബാർ കോഴ വിവാദം: എക്സൈസ് മന്ത്രിയുടെയും സിപിഎമ്മിന്റെയും വാദങ്ങൾ തെറ്റ്, 97 ബാർ ലൈസൻസ് അടക്കം കയ്യഴിച്ച് സഹായം

97 ബാര്‍ ലൈസൻസ് നൽകിയതടക്കം രണ്ടാം പിണറായി സര്‍ക്കാര്‍ ബാറുടമകൾക്ക് കയ്യയച്ചാണ് ഇളവുകൾ നൽകിയത്. 

Bar Bribery Controversy Excise Minister M B Rajesh and CPM claims are wrong Pinarayi government gives many helps to bar owners
Author
First Published May 25, 2024, 4:32 PM IST

തിരുവനന്തപുരം: ബാറുടമകളെ സഹായിക്കുന്ന ഒരു നിലപാടും സ്വീകരിച്ചിട്ടില്ലെന്ന എക്സൈസ് മന്ത്രിയുടെയും സിപിഎമ്മിൻറെയും വാദങ്ങൾ തെറ്റ്.  97 ബാര്‍ ലൈസൻസ് നൽകിയതടക്കം രണ്ടാം പിണറായി സര്‍ക്കാര്‍ ബാറുടമകൾക്ക് കയ്യയച്ചാണ് ഇളവുകൾ നൽകിയത്. ബെവ്കോ ഔട്ട്ലെറ്റുകൾക്ക് പൊതു അവധികൾ ബാധകമാക്കിയത് മുതൽ ടേൺഓവര്‍ ടാക്സ് വെട്ടിപ്പ് നടത്തിയ ബാറുകൾക്ക് മദ്യം നൽകരുതെന്ന നികുതി വകുപ്പ് നിര്‍ദ്ദേശം അട്ടിമറിച്ചത് അടക്കമുള്ള സഹായങ്ങൾ വേറെയും.

രണ്ടാം ബാര്‍ കോഴ ആരോപണത്തിൽ ആകെ പ്രതിരോധത്തിലാണ് രണ്ടാം പിണറായി സര്‍ക്കാര്‍. പുതിയ മദ്യ നയത്തെ കുറിച്ച് പ്രാഥമിക ആലോചന പോലും നടന്നിട്ടില്ലെന്ന് മാത്രമല്ല ബാറുടകമകളെ സഹായിക്കാൻ ഒന്നും ചെയ്തിട്ടില്ലെന്ന് അക്കമിട്ട് നിരത്തിയായിരുന്നു എക്സൈസ്  മന്ത്രി എം ബി രാജേഷിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. എന്നാൽ കാര്യം അങ്ങനെ അല്ല. മദ്യ നിരോധനമല്ല, മദ്യ വര്‍ജ്ജനമാണ് നയമെന്ന് പ്രഖ്യാപിച്ച ഇടത് സര്‍ക്കാര്‍ നടപ്പാക്കിയതെല്ലാം ബാറുടമകളുടെ താൽപര്യം. സംസ്ഥാനത്ത് നിലവിൽ 801 ബാറുണ്ട്. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം മാത്രം ലൈസൻസ് അനുവദിച്ചത് 97 ബാറുകൾക്കാണ്. ത്രീ സ്റ്റാറും അതിനിനുമുകളിലും ക്ലാസിഫിക്കേഷൻ നേടിയ 33 ബിയര്‍ വൈൻ പാര്‍ലറുകൾക്ക് ബാര്‍ ലൈസൻസ് പുതുക്കി കൊടുക്കുക കൂടി ചെയ്തതോടെ ഫലത്തിൽ സംസ്ഥാനത്ത് അധികം തുറന്നത് 130 ബാറുകളാണ്. 

Also Read: മദ്യനയത്തിൽ യാതൊരു ചർച്ചയും നടന്നിട്ടില്ല, യുഡിഎഫിന് 8 വർഷം അധികാരം ഇല്ലാത്തതിന്‍റെ പ്രശ്നം: മന്ത്രി റിയാസ്

ദൂരപരിധി മാനദണ്ഡഘങ്ങൾ കര്‍ശനമാക്കാനോ പുതിയ ബാറുകൾ വേണ്ടെന്ന തീരുമാനം എടുക്കാനോ സര്‍ക്കാര്‍ തുനിയാത്തത് ബാറുകൾ തമ്മിലുള്ള കിടമത്സരത്തിനും ചട്ടം ലംഘിച്ചുള്ള വിഷപ്പനക്കും എല്ലാം കാരണമായിട്ടുണ്ടെന്ന് എക്സൈസ് വകുപ്പിന്‍റെ തന്നെ കണ്ടെത്തലുണ്ട്. നിയമലംഘനങ്ങളിൽ കര്‍ശന നടപടി എടുത്തെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും ടേൺഓര്‍ ടാക്സ് വെട്ടിച്ച ബാറുടമകൾക്ക് മദ്യം വിതരണം ചെയ്യേണ്ടെന്ന നികുതി വകുപ്പ് നിലപാടും അട്ടിമറിച്ചു. കൃത്യമായ റിട്ടേൺസ് സമര്‍പ്പിക്കാത്ത 328 ബാറുകൾ സംസ്ഥാനത്തുണ്ടെന്നാണ് കണക്ക്. പൊതുമേഖല സ്ഥാപനങ്ങള്‍ക്കൊപ്പം ബെവ്കോയ്ക്കും കണ്‍സ്യൂമര്‍ഫെഡിനും സര്‍ക്കാര്‍ അവധി പ്രഖ്യാപിക്കുകയും മദ്യ വിൽപനക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചാൽ ബാറുകളടക്കം എല്ലാം അടച്ചിടുന്ന പതിവിനും മാറ്റമുണ്ടായത് രണ്ടാം പിണറായി സര്‍ക്കാര്‍ കാലത്താണ്. അവധി ബെവ്കോ ഔട്ലറ്റുകൾക്ക് മാത്രം പരിമിതപ്പെടുത്തുമ്പോൾ തുറന്നിരിക്കുന്ന ബാറുകൾക്ക് എന്നും ചാകരയാണ്.

Latest Videos
Follow Us:
Download App:
  • android
  • ios