പത്തനാപുരത്ത് രണ്ട് പേർ സ്പിരിറ്റ് കഴിച്ചു മരിച്ചു; സിഎഫ്എൽടിസിയിൽ നിന്ന് മോഷ്ടിച്ചതെന്ന് സംശയം

By Web TeamFirst Published Jun 16, 2021, 11:04 AM IST
Highlights

പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവർത്തിക്കുന്ന സിഎഫ്എൽടിസി കേന്ദ്രത്തിൽ നിന്ന് മോഷ്ടിച്ച സ്പിരിറ്റ് നാലു പേർ ചേർന്ന് കഴിച്ചെന്നാണ് സംശയിക്കുന്നത്. പൊലീസും എക്സൈസും ചേർന്ന് അന്വേഷണം നടത്തുന്നുണ്ട്. 

കൊല്ലം: കൊല്ലം പത്തനാപുരത്ത് എസ്എഫ്എല്‍ടിസിയില്‍ നിന്ന് മോഷ്ടിച്ച സ്പിരിറ്റ് കഴിച്ച് രണ്ടു മരണം. സ്വകാര്യ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന സിഎഫ്എല്‍ടിസിയിലെ സുരക്ഷാ ജീവനക്കാരനും സുഹൃത്തുമാണ് മരിച്ചത്. ഇരുവര്‍ക്കുമൊപ്പം സ്പിരിറ്റ് കഴിച്ച മറ്റ് രണ്ടു പേരുടെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്.

പത്തനാപുരം എംവിഎം ആശുപത്രിയിലാണ് ബ്ലോക്ക് പഞ്ചായത്തിന്‍റെ എസ്എഫ്എല്‍ടിസി കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ഇവിടുത്തെ സുരക്ഷാ ജീവനക്കാരന്‍ പട്ടാഴി ചെളിക്കുഴി സ്വദേശി മുരുകാനന്ദനും, സുഹൃത്തായ ഓട്ടോ ഡ്രൈവര്‍ പ്രസാദുമാണ് സ്പിരിറ്റ് കഴിച്ചതിനെ തുടർന്ന് മരിച്ചത്. ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന പഴകിയ സ്പിരിറ്റ് മുരുകാനന്ദന്‍ മോഷ്ടിച്ച ശേഷം ഇന്നലെ രാത്രി സുഹൃത്തുക്കള്‍ക്കൊപ്പം കുടിച്ചെന്നാണ് പൊലീസ് അനുമാനം. ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന സ്പിരിറ്റില്‍ ഒരു ഭാഗം കാണാനില്ലെന്ന ആശുപത്രി ജീവനക്കാരും പൊലീസിന് മൊഴി നല്‍കി.

ആദ്യം ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ട പ്രസാദ് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. കണ്ണിന് കാഴ്ച ശക്തി കുറഞ്ഞതിനെ തുടര്‍ന്ന് ആദ്യം തിരുവല്ലയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിക്കപ്പെട്ട മുരുകാനന്ദന്‍ തിരുവനന്തപുരത്ത് വച്ച് രാവിലെ പത്തേ മുക്കാലോടെ മരിക്കുകയായിരുന്നു. 

ഇരുവര്‍ക്കുമൊപ്പം സ്പിരിറ്റ് കുടിച്ച രാജീവിന്‍റെയും ഗോപിയുടെയും ആരോഗ്യനില ഗുരുതരമായി തുടരുന്നു. മുരുകാനന്ദന്‍ കൊണ്ടു വന്ന മദ്യമാണ് കുടിച്ചതെന്ന് ഇരുവരും പൊലീസിന് മൊഴി നല്‍കി. എക്സൈസിലേയും പൊലീസിലെയും ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

click me!