ആശുപത്രിയില്‍ നിന്നും മകന്‍ അച്ഛനെ തോളിലേറ്റി നടന്ന സംഭവം മനപൂർവ്വം സൃഷ്ടിച്ചതാണെന്ന് റിപ്പോര്‍ട്ട്

By Web TeamFirst Published Aug 24, 2020, 6:25 PM IST
Highlights

ആശുപതിയിൽ ചികിത്സയിലായിരുന്ന പിതാവിനെ മകൻ തോളിലേറ്റി അരകിലോമീറ്റർ നടന്ന സംഭവം മകൻ റോയി മനപൂർവ്വം സൃഷ്ടിച്ചതാണെന്ന് കൊല്ലം ജില്ലാ റൂറൽ  പോലീസ് മേധാവി. 

കൊല്ലം: ലോക്ക് ഡൗൺ കാലയളവിൽ പുനലൂർ താലൂക്ക് ആശുപതിയിൽ ചികിത്സയിലായിരുന്ന പിതാവിനെ മകൻ തോളിലേറ്റി നടന്ന സംഭവം മകൻ റോയി മനപൂർവ്വം സൃഷ്ടിച്ചതാണെന്ന് കൊല്ലം ജില്ലാ റൂറൽ  പോലീസ് മേധാവി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. റിപ്പോർട്ട് വിശ്വാസത്തിലെടുത്ത്  കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസ് അംഗം വി.കെ. ബീനാകുമാരി   തീർപ്പാക്കി. 

ഇക്കഴിഞ്ഞ ഏപ്രിൽ 14നായിരുന്നു സംഭവം. ലോക്ക് ഡൗൺ കാലയളവിൽ മതിയായ രേഖകൾ ഇല്ലാതെയാണ് കുളത്തൂപ്പുഴ സ്വദേശി ഐ.പി. ജോർജിനെ ആശുപത്രിയിൽ നിന്നും ഡിസ്ചാര്‍ജ് വാങ്ങി വീട്ടിലേക്ക് കൊണ്ടു പോകാൻ മകൻ റോയ്മോൻ ഓട്ടോയിൽ ആശുപത്രിയിലെത്തിയത്. 

വഴിയിൽ ഓട്ടോറിക്ഷ പൊലീസ് തടഞ്ഞു. ഓട്ടോ നിർത്തി ആശുപത്രിയിലേക്ക് നടന്നു പോയ റോയ്മോൻ മറ്റൊരു ഓട്ടോയിൽ അച്ഛനും അമ്മയുമായി തന്റെ ഓട്ടോക്ക് സമീപത്തെത്തി.  പൊലീസ് പരിശോധന നടക്കുന്നത്  കണ്ട ഓട്ടോ ഡ്രൈവർ കുടുംബത്തെ അവിടെ ഇറക്കി വിട്ടു. 

തുടർന്ന്   മകൻ പിതാവിനെ  എടുത്തുയർത്തി അരകിലോമീറ്റർ മുന്നോട്ട് നടക്കുകയായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. യഥാർത്ഥത്തിൽ പിതാവിന് നടന്നു പോകാൻ കഴിയുമായിരുന്നു എന്നാണ് പൊലീസ് റിപ്പോർട്ടിൽ പറയുന്നത്. ഈ സാഹചര്യത്തിലാണ് അനന്തര നടപടികൾ കൂടാതെ കേസ് തീർപ്പാക്കിയത്. 

click me!