
തിരുവനന്തപുരം: പൊലീസ് ജീപ്പിൽ നിന്ന് ചാടിയ യുവാവ് മരിച്ചു. കസ്റ്റഡിയിൽ മർദ്ദിച്ചുവെന്ന് ആരോപിച്ച് ഭാര്യ രംഗത്ത് വന്നു. പൊലീസ് ഈ വാദം നിഷേധിച്ചു. പാപ്പനംകോട് സ്വദേശി സനോഫറാണ് മരിച്ചത്. അപകടം നേരിൽ കണ്ട ദൃക്സാക്ഷി സനോഫർ മദ്യപിച്ചിരുന്നെന്നും വീഴ്ചയിലുണ്ടായ പരിക്ക് മാത്രമാണ് ഉണ്ടായിരുന്നതെന്നും ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
സനോഫർ കസ്റ്റഡിയിലായിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. സനോഫറിനെതിരെ വീട്ടുകാർ പരാതി നൽകിയിരുന്നു. സനോഫർ ആക്രമിക്കുന്നതായ വീട്ടുകാരുടെ പരാതി ബുധനാഴ്ച കൺട്രോൾ റൂമിലാണ് ലഭിച്ചത്. പൂന്തുറ സ്റ്റേഷനിലെ പൊലീസുകാർ ഇരുവരെയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. സനോഫറും ഭാര്യയും സ്റ്റേഷനിലെത്തിയ ശേഷം പൊലീസ് ഇവരെ തിരിച്ചയച്ചു. പിന്നീട് സനോഫർ കുമരിച്ചന്തയിൽ റോഡിൽ പോയി കിടന്നു. പൊലീസെത്തി ഓട്ടോറിക്ഷയിൽ ഫോർട്ട് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
വീട്ടുകാ ആശുപത്രിയിൽ എത്തിയെങ്കിലും സനോഫറിനെ ഏറ്റെടുത്തില്ല. പൊലീസ് ജീപ്പിൽ വീട്ടിൽ എത്തിച്ചുവെങ്കിലും സനോഫറിനെയും പൊലീസുകാരെയും അകത്തേക്ക് കടത്താതെ വീട്ടുകാർ ഗേറ്റ് അടച്ചുവെന്നും പൊലീസ് ആരോപിക്കുന്നു. സനോഫറിനെതിരെ കേസെടുക്കണമെന്ന് വീട്ടുകാർ ആവശ്യപ്പെട്ടതോടെ ഇയാളെയും കൂട്ടി പൊലീസുകാർ വീണ്ടും ആശുപത്രിയിലേക്ക് പോയി. ഈ സമയത്താണ് ഓടുന്ന ജീപ്പിന്റെ പുറകിൽ നിന്നും ചാടി ഓടാൻ ഇയാൾ ശ്രമിച്ചത്.
സനോഫറിനെ കസ്റ്റഡിയിൽ എടുത്തിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. സനോഫർ ജീപ്പ് തുറന്ന് പുറത്തേക്ക് ചാടുന്നത് കോർപറേഷൻ ജീവനക്കാരനായ രാഹുൽ കണ്ടിരുന്നു. ഇയാളും പൊലീസിനൊപ്പം ആശുപത്രിയിലേക്ക് പോയി. സനോഫർ സ്വയം വാതിൽ തുറന്ന് പുറത്തേക്ക് ചാടുകയായിരുന്നുവെന്ന് രാഹുൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ജീപ്പിന് പിന്നിൽ ബൈക്കിൽ അച്ഛനൊപ്പം യാത്ര ചെയ്യുകയായിരുന്നു രാഹുൽ.
അതേസമയം പൊലീസ് കസ്റ്റഡിയിൽ സനോഫറിന് മർദ്ദനമേറ്റെന്നും മുഖത്ത് പരിക്കുണ്ടെന്നും ഭാര്യ ആരോപിച്ചു. ഇതേ തുടർന്നാകാം സനോഫർ ജീപ്പിൽ നിന്ന് ചാടിയതെന്ന് അവർ സംശയം പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ഇവർ കമ്മീഷണർക്ക് പരാതിയും നൽകിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam