
തിരുവനന്തപുരം : അക്കൗണ്ടില്‍ നിന്നും പണം നഷ്ടമായതില്‍ പരാതി പറയാന്‍ ബാങ്ക് മാനേജരുടെ മുന്നിലിരിക്കുന്നതിനിടെ കോഴിക്കോട് സ്വദേശിക്ക് സൈബര്‍ തട്ടിപ്പിലൂടെ നഷ്ടമായത് ലക്ഷങ്ങള്‍. കോഴിക്കോട് കരിക്കാംകുളം സ്വദേശി പി എസ് മനീഷിനാണ് പത്ത് മിനിറ്റിനുള്ളില്‍ അക്കൗണ്ടില്‍ നിന്നും നാലേകാല്‍ ലക്ഷം രൂപ നഷ്ടമായത്. മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ ഹാക്ക് ചെയ്താകാം തട്ടിപ്പെന്ന സംശയത്തിലാണ് പോലീസ്.
ഇന്‍ഡസ് ഇന്‍ഡ് ബാങ്കിന്‍റെ കാരപ്പറമ്പ് ശാഖയില്‍ അക്കൗണ്ടുളള കരിക്കാംകുളം സ്വദേശി മനീഷിന് തന്‍റെ അക്കൗണ്ടില്‍ പുതിയൊരു ഗുണഭോക്താവിനെ ചേര്‍ത്തതായി കാട്ടി ബാങ്കില്‍ നിന്ന് സന്ദേശം എത്തിയത് കഴിഞ്ഞ മാസം രണ്ടിനായിരുന്നു. പന്തികേട് തോന്നിയ മനീഷ് ഉടന്‍ ബാങ്ക്അധികൃതരെ ഫോണില്‍ ബന്ധപ്പെട്ടു. ഇതിനിടെ ഫോണില്‍ മറ്റൊരു സന്ദേശം കൂടി എത്തി. തന്‍റെ അക്കൗണ്ടില്‍ നിന്ന് ഒന്നര ലക്ഷത്തോളം രൂപ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിയെന്നായിരുന്നു സന്ദേശം. ഇതോടെ മനീഷ് തിടുക്കത്തില്‍ ബാങ്കിന്‍റെ ശാഖയിലെത്തി. മാനേജരുടെ മുന്നിലിരുന്ന് അക്കൗണ്ട് പരിശോധിക്കുന്നതിനിടെ തന്നെ കൂടുതല്‍ പണം ഇതേ ബങ്കിന്‍റെ തന്നെ പേരിലെടുത്ത ഒരു വ്യാജ അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്യുന്നതിന്‍റെ സന്ദേശവുമെത്തി. ഇങ്ങനെ നാലേ കാല്‍ ലക്ഷം രൂപയാണ് കണ്‍മുന്നിലൂടെ നഷ്ടമായത്. തട്ടിപ്പിന് ഇരയാകുന്നത് നോക്കി നില്‍ക്കാന്‍ മാത്രമെ ബാങ്ക് മാനേജര്‍ക്ക് ഉള്‍പ്പടെ കഴിഞ്ഞുളളൂവെന്ന് മനീഷ് പറയുന്നു.
പശ്ചിമ ബംഗാളിലെ ബാങ്ക് അക്കൗണ്ടിലേക്ക് പണം കൈമാറ്റം ചെയ്ത വിവരങ്ങള്‍ ബാങ്ക് വെബ് സൈറ്റ് വഴി കാണാന്‍ കഴിഞ്ഞെങ്കിലും തടയാന്‍ കഴിഞ്ഞില്ല. പിന്നീട് അതേ അക്കൗണ്ടില്‍ നിന്ന് തട്ടിപ്പുകാര്‍ എടിഎം വഴി പണം പിന്‍വലിക്കുകയും ചെയ്തു. മൊബൈല്‍ ഫോണില്‍ ബാങ്കിന്‍റെ ആപ് ഇന്‍സ്റ്റാള്‍ ചെയ്തിരുന്നെങ്കിലും ഇത് ഉപയോഗിക്കുന്നതില്‍ കുറച്ചായി സാങ്കേതിക തടസം കാണിച്ചിരുന്നു. ആപ് ഹാക് ചെയ്താണോ തട്ടിപ്പ് നടത്തിയതെന്നും സംശയമുണ്ട്. ചേവായൂര്‍ പൊലീസാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നത്. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്കുള്‍പ്പെടെ മനീഷ് പരാതി നല്‍കി. എന്നാല്‍ സംഭവത്തെക്കുറിച്ച് ഒന്നും പറയാനില്ലെന്നായിരുന്നു ഇന്‍ഡസ് ഇന്‍ഡ് ബാങ്കിന്‍റെ പ്രതികരണം.