രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദത്തിൽ താൻ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് വി കുഞ്ഞികൃഷ്ണൻ. പാർട്ടിക്ക് പണം നഷ്ടമായെന്നും സഹകരണ ബാങ്കുകളിൽ നിന്നുള്ള പണം അക്കൗണ്ടിൽ എത്തിയില്ലെന്നും അദ്ദേഹം ആവർത്തിച്ചു.
കണ്ണൂര്‍: രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദത്തിൽ പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നെന്ന് വി കുഞ്ഞികൃഷ്ണൻ. താൻ ഉന്നയിച്ച ആരോപണങ്ങൾക്ക് ജില്ലാ സെക്രട്ടറി മറുപടി പറഞ്ഞില്ലെന്നും കെ കെ രാഗേഷ് പറഞ്ഞത് കേട്ടപ്പോൾ ചിരിയാണ് വന്നതെന്നും വി കുഞ്ഞികൃഷ്ണൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ആടിനെ പട്ടിയാക്കുന്നതാണ് രാഗേഷിന്റെ വിശദീകരണം, അയാൾക്ക് തന്നെ ഒന്നും മനസിലായിട്ടില്ലെന്ന് വി കുഞ്ഞികൃഷ്ണന്‍ പരിഹസിക്കുന്നു. ഗൾഫിൽ പോയകാര്യം പറഞ്ഞത് ശുദ്ധ കള്ളത്തരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൈരളി ഒഴികെ ഏത് ചാനലിന് താൻ അഭിമുഖം നൽകിയാലും ഇതേ കാരണം പാർട്ടി ഉന്നയിക്കുമെന്നും കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.
പാർട്ടിക്ക് പണം നഷ്ടമായിട്ടുണ്ടെന്ന് കുഞ്ഞികൃഷ്ണന്‍ ആവര്‍ത്തിച്ചു. രണ്ട് സഹകരണ ബാങ്കുകളിൽ നിന്ന് വന്ന പണം അക്കൗണ്ടിൽ എത്തിയില്ല. അന്ന് ടി ഐ മധുസൂദനൻ ആയിരുന്നു ഏരിയ സെക്രട്ടറിയായിരുന്നു. കെട്ടിട നിർമ്മാണ കണക്കിൽ ക്രമക്കേട് വരുത്തി, പണി പൂർത്തിയായ ശേഷവും വിവിധയിനങ്ങളിൽ ചെലവ് കൂട്ടിത്തേർത്തു. ജനാധിപത്യ കേന്ദ്രീകരണം എന്നുപറഞ്ഞാൽ ഇല്ലാത്ത കാര്യം അടിച്ചേൽപ്പിക്കൽ അല്ല, ഉള്ള കാര്യത്തെക്കുറിച്ച്, വസ്തുതകളെക്കുറിച്ച് പരിശോധിച്ച് ഉചിതമായ തീരുമാനം എടുക്കുകയെന്നാണെന്നും വി കുഞ്ഞികൃഷ്ണൻ പ്രതികരിച്ചു. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വി കുഞ്ഞികൃഷ്ണനെ പുറത്താക്കി സിപിഎം
രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവരം ഏഷ്യാനെറ്റ് ന്യൂസിലൂടെ വെളിപ്പെടുത്തിയ കണ്ണൂർ ജില്ലാ കമ്മിറ്റിയംഗം വി കുഞ്ഞികൃഷ്ണനെ സിപിഎം പുറത്താക്കി. പാർട്ടിയെ വഞ്ചിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രാഥമിക അംഗത്വത്തിൽ നിന്ന് വി കുഞ്ഞികൃഷ്ണനെ പുറത്താക്കിയത്. കുഞ്ഞികൃഷ്ണൻ പാർട്ടി ശത്രുക്കളുടെ കോടാലിക്കൈയായി മാറിയെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. 2022 ഏപ്രിൽ മാസം ജില്ലാ കമ്മിറ്റി തീരുമാനമെടുത്ത കാര്യങ്ങളാണ് കുഞ്ഞികൃഷ്ണണൻ വീണ്ടും ആരോപിച്ചതെന്നും വി കുഞ്ഞികൃഷ്ണൻ ഏഷ്യാനെറ്റിന് നൽകിയ അഭിമുഖത്തോടെ പാർട്ടി ശത്രുക്കളുടെ കോടാലി കൈ ആയി മാറിയെന്നും രാഗേഷ് കുറ്റപ്പെടുത്തി.


