
കൊച്ചി: വീട്ടിൽ നിന്നും ജോലിക്കെന്ന് പറഞ്ഞ് പോയ യുവാവിനെയാണ് അടച്ചിട്ട ക്വാർട്ടേഴ്സിൽ കൊല്ലപ്പട്ട് നിലയിൽ കണ്ടെത്തിയതെന്ന് പൊലീസ്. ശനിയാഴ്ച വൈകുന്നേരം നാലര മണിയോടെ എറണാകുളം നോർത്ത് ടൗൺ ഹാളിന് സമീപത്തെ കലാഭവൻ റോഡിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. കാഞ്ഞിരപ്പിളളി കൊടുവന്താനം മുളക്കുളം അഭിജിത് ബിനീഷ് (21) ആണ് കൊല്ലപ്പെട്ടത്.
സ്വകാര്യ ആശുപത്രിയുടെ ക്വാർട്ടേഴ്സായിരുന്നു അത്. മൃതദേഹത്തിന്റെ പോക്കറ്റിൽ നിന്നും കണ്ടെത്തിയ കാർഡിൽ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്. ഇന്നലെ നടത്തിയ പോസ്റ്റ്മോർട്ടം റിപ്പോർട് പ്രകാരം തലയ്ക്ക് പിന്നിലെ ആഴത്തിലേറ്റ മുറിവാണ് മരണ കാരണം. തലയോട്ടിയിലും പൊട്ടലുണ്ട്. ആക്രമിച്ച് കൊലപ്പെടുത്തിയതായാണ് പൊലീസ് വിലയിരുത്തുന്നത്.
കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് അഭിജിത് ജോലിക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയത്. സ്വകാര്യ ആശുപത്രിയുടെ എറണാകുളം നോർത്ത് റെയിൽവെ സ്റ്റേഷനോട് ചേർന്നുളള പൂട്ടിക്കിടന്ന ക്വാർട്ടേഴ്സിൽ വൈദ്യുതി തകരാറിനെ തുടർന്ന് പരിശോധിക്കാനെത്തിയ ഇലക്ട്രീഷ്യനാണ് മൃതദേഹം കണ്ടെത്തിയത്. മൊബൈൽ ഫോൺ, സിസി ടിവി എന്നിവ കേന്ദ്രീകരിച്ചുളള അന്വേഷണമാണ് നടത്തുന്നത്. മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam