പത്തനംതിട്ട: അഞ്ച് പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ച പത്തനംതിട്ടയിൽ നിരീക്ഷണത്തിനിടെ കടന്നുകളഞ്ഞ യുവാവിനെ തിരിച്ചെത്തിച്ചു. റാന്നിയിലെ ഇയാളുടെ വീട്ടിൽ നിന്നാണ് യുവാവിനെ കണ്ടെത്തിയത്. യുവാവിനെ വീണ്ടും ആശുപത്രിയിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. അതേസമയം, ജില്ലയില്‍ ഒരാളെ കൂടി ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. രണ്ട് വയസുകാരിയെ ആണ് ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്.
പത്തനംതിട്ട ജനറല്‍ ആശുപത്രിയിൽ പരിശോധന നടത്തേണ്ടിയിരുന്ന യുവാവാണ് ഇന്നലെ രാത്രി ആശിപത്രിയില്‍ നിന്ന് ചാടിപോയത്. വെച്ചൂച്ചിറ സ്വദേശിയായിരുന്ന ഇയാൾ ആശുപത്രി അധികൃതർ അറിയാതെയാണ് മുങ്ങിയത്. കർശനനിരീക്ഷണത്തിലുള്ള വാർഡിൽ നിന്നാണ് ഇയാള്‍ ചാടിപോയത്. രോഗബാധിതരായ അഞ്ച് പേരുമായി നേരിട്ടും അല്ലാതെയും ബന്ധപ്പെട്ടവരുടെ സമ്പർക്കപ്പട്ടിക ജില്ലാ ഭരണകൂടം തയ്യാറാക്കിയിരുന്നു. ഇതിൽപ്പെട്ടയാളായിരുന്നു യുവാവ്. പരിശോധനയ്ക്കായി ഇവരെ ഓരോരുത്തരെയായി വിളിച്ചുവരുത്തി രക്തമെടുത്ത് പരിശോധന നടത്തുകയാണ് ജില്ലാ ഭരണകൂടവും ആരോഗ്യപ്രവർത്തകരും. ഇതിനിടെയാണ് ഇയാൾ മുങ്ങിയത്.
പത്തനംതിട്ട ജനറലാശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ എത്തിച്ച ഈ യുവാവ് ആദ്യം രക്തപരിശോധനയ്ക്ക് തയ്യാറായില്ല. പിന്നീട് അധികൃതരുടെ ശ്രദ്ധ ഒന്ന് തെറ്റിയപ്പോൾ ഓടിപ്പോവുകയായിരുന്നു എന്നാണ് വിവരം. സമ്പർക്കപ്പട്ടികയിലുണ്ടെങ്കിലും ഇയാൾ രോഗികളുമായി നേരിട്ട് സമ്പർക്കത്തിലുണ്ടായിരുന്നില്ല എന്ന സൂചനയും അധികൃതർ നൽകുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam