
മലപ്പുറം: മലപ്പുറത്ത് പട്ടാപ്പകൽ നടുറോഡിൽ യുവതിയെ കൊലപെടുത്താൻ ശ്രമം.സ്കൂട്ടറിൽ പോവുകയായിരുന്ന യുവതിയെ തടഞ്ഞു നിർത്തി കുത്തികൊല്ലാനാണ് ശ്രമിച്ചത്. അക്രമത്തിനു ശേഷം രക്ഷപെട്ട പാലക്കാട് സ്വദേശി അശ്വിനായി പൊലീസ് തെരച്ചില്‍ തുടരുകയാണ്. രാവിലെ പത്ത് മണിയോടെ മലപ്പുറം നഗരത്തിനോട് ചേർന്നുള്ള പെൻഷൻ ഭവൻ റോഡിലാണ് ആക്രണണമുണ്ടായത്. സ്കൂട്ടറിൽ വരികയായിരുന്ന 28 കാരിയെ ബൈക്കിലെത്തിയ പാലക്കാട് നല്ലേപ്പിള്ളി സ്വദേശി പി എസ് അശ്വിൻ തടഞ്ഞു നിർത്തി കത്തികൊണ്ട് കുത്തുകയായിരുന്നു. താഴെ വീണ യുവതിയുടെ ദേഹത്ത് കയറിയിരുന്ന് കുഴുത്തില്‍ കുത്താൻ ശ്രമിച്ചെങ്കിലും അതു വഴി മറ്റ് യാത്രക്കാര്‍ വന്നതോടെ ഇയാള്‍ പെട്ടന്ന് പിൻമാറി ബൈക്കില്‍ കയറി രക്ഷപെട്ടു. തലയ്ക്കും, കൈക്കും പരിക്കേറ്റ യുവതിയെ മലപ്പുറം സഹകരണ അശുപത്രിയിൽ എത്തിച്ച് ചികിത്സ നല്‍കി. പരിക്ക് ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു. ആക്രമിക്കാൻ ഉപയോഗിച്ച കത്തി സംഭവ സ്ഥലത്തു നിന്ന് കണ്ടെത്തി.
ഒരേ സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കാരായിരുന്ന അശ്വിനും യുവതിയും നേരത്തെ പരിചയക്കാരായിരുന്നെങ്കിലും പിന്നീട് പിണങ്ങി. മറ്റൊരു യുവാവുമായി വിവാഹം ഉറപ്പിച്ചതോടെ യുവതിയെ അശ്വിൻ ഫോണിലൂടെ വിളിച്ചും സന്ദേശങ്ങളയച്ചും ഭീഷണിപെടുത്തിയിരുന്നു. ശല്യം ചെയ്യുന്നു എന്ന് കാണിച്ച് യുവതി അശ്വിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. അശ്വിനെ വിളിപ്പിച്ച് ആവര്‍ത്തിക്കരുതെന്ന് പൊലീസ് താക്കീത് ചെയ്യുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് കൊലപാതക ശ്രമം ഉണ്ടായത്. ആക്രമണത്തിനിടയില്‍ മറ്റ് യാത്രികര്‍ അതു വഴി വന്നതുകൊണ്ട് മാത്രമാണ് യുവതിക്ക് രക്ഷപെടാനായത്. ആശുപത്രിയിലെത്തി പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി. രക്ഷപെട്ട അശ്വിൻ കോഴിക്കോട് വരെ എത്തിയതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. വൈകാതെ പ്രതിയെ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam