കോഴിക്കോട്ട് തൂങ്ങിമരിച്ചയാൾക്ക് കൊവിഡ് ? സിഐ അടക്കം ഏഴ് പൊലീസുകാർ നിരീക്ഷണത്തിൽ

By Web TeamFirst Published Jun 29, 2020, 5:29 PM IST
Highlights

ആത്മഹത്യ ചെയ്തത് പിടി ഉഷ റോഡിലെ സ്വകാര്യ അപ്പാർട്ട്മെൻ്റിലെ സുരക്ഷാ ജീവനക്കാരൻ. 

കോഴിക്കോട്: നഗരത്തിൽ രണ്ട് ദിവസം മുൻപ് തൂങ്ങിമരിച്ചയാൾ കൊവിഡ് രോഗിയെന്ന് സംശയം. ഇയാളുടെ മൃതദേഹം ഇൻക്വസ്റ്റ് ചെയ്യാനുള്ള നടപടികൾ സ്വീകരിച്ച വെള്ളയിൽ പൊലീസ് സ്റ്റേഷനിലെ സിഐ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥർ ഇതേ തുടർന്ന് ക്വാറൻ്റൈനിൽ പ്രവേശിച്ചു. 

കോഴിക്കോട്ടെ സ്വകാര്യ അപ്പാർട്ട്മെന്റിൽ സുരക്ഷാ ജീവനക്കാരനായി ജോലി നോക്കുന്ന വെള്ളയിൽ കുന്നുമ്മൽ സ്വദേശി കൃഷ്ണനാണ് വീട്ടിൽ വച്ചു തൂങ്ങിമരിച്ചത്. കുടുംബപ്രശ്നങ്ങളെ തുടർന്നാണ് ഇയാളുടെ ആത്മഹത്യയെന്നാണ് വിവരം. ശനിയാഴ്ച ഉച്ചയോടെയാണ് ഇയാൾ ആത്മഹ്യ ചെയ്തത്. 

തുടർന്ന് സ്ഥലത്ത് എത്തിയ വെള്ളയിൽ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ മൃതദേഹം താഴെയിറക്കി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം മൃതദേഹത്തിൽ നിന്നും സാംപിൾ ശേഖരിച്ച് കൊവിഡ് ടെസ്റ്റ് നടത്തിയപ്പോൾ ആണ് ആദ്യഫലം പൊസീറ്റീവായി വന്നത്. 

ഇയാളുടെ മൃതദേഹം കാണാനായി നാട്ടുകാർ കൂട്ടത്തോടെ എത്തിയിരുന്നതായി ആരോഗ്യവകുപ്പിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ തിരിച്ചറിയാൻ അന്വേഷണം ആരംഭിച്ചു. കൃഷ്ണൻ്റെ കുടുംബാംഗങ്ങളേയും അയൽവാസികളേയും ഇയാൾ സുരക്ഷാ ജീവനക്കാരനായി ജോലി നോക്കുന്ന കോഴിക്കോട് പിടി ഉഷറോഡിലെ അപ്പാർട്ട്മെൻ്റിലെ മുഴുവൻ താമസക്കാരേയും കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കാനാണ് തീരുമാനം. 

ഇയാൾ ജോലി ചെയ്യുന്ന അപ്പാർട്ട്മെൻ്റിൽ ചെന്നൈയിൽ നിന്നും മറ്റും എത്തിയ ആളുകൾ ക്വാറൻ്റൈനിൽ നിന്നിരുന്നുവെന്നാണ് വിവരം. ഇവരിൽ നിന്നാകാം കൃഷ്ണനെ രോഗബാധയുണ്ടായത് എന്നാണ് പ്രാഥമിക നിഗമനം. രോഗി മരണപ്പെട്ടതിനാൽ സമ്പർക്കപ്പട്ടകിയും റൂട്ട് മാപ്പും തയ്യാറാക്കുന്നതും വലിയ വെല്ലുവിളിയായേക്കും. 

click me!