
തൃശ്ശൂർ: തൃശൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ യാത്രക്കാരിയോട് പരസ്യമായി നഗ്നതാ പ്രദർശനം നടത്തിയ സംഭവത്തിൽ മധ്യവയസ്കൻ പൊലീസ് പിടിയിലായി. മൂവാറ്റുപുഴ സ്വദേശി സണ്ണിയെയാണ് തൃശ്ശൂർ ഈസ്റ്റ് പൊലീസ് കെഎസ്ആർടിസി സ്റ്റാൻഡിൽ എത്തി കസ്റ്റഡിയിലെടുത്തത്. ഹൈദരാബാദ് സ്വദേശിനിയായ യുവതിക്ക് നേരെയായിരുന്നു ഇയാൾ അതിക്രമം കാണിച്ചത്. ഇയാളെ പൊലീസിനെ കാണിച്ചു കൊടുത്തെങ്കിലും തനിക്ക് സംഭവത്തിൽ പരാതിയില്ലെന്ന് യുവതി അറിയിച്ചതായി പൊലീസ് പറഞ്ഞു. ഇതേ തുടർന്ന് സണ്ണിക്കെതിരെ സ്വമേധയാ കേസെടുക്കുമെന്ന് തൃശ്ശൂർ ഈസ്റ്റ് പൊലീസ് വ്യക്തമാക്കി.
തിരുവനന്തപുരം: വെഞ്ഞാറമൂട് തേമ്പാമൂട്ടിൽ കെഎസ്ആർടിസി ബസ് കുഴിയിലേക്ക് മറിഞ്ഞ് 30 പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. നെടുമങ്ങാട് നിന്ന് ആറ്റിങ്ങലിലേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്.