
മലപ്പുറം: മലപ്പുറം കീഴാറ്റൂരിൽ കോവിഡ് 19 സ്ഥിരീകരിച്ച 85 കാരൻ മരിച്ചു. നെച്ചിത്തടത്തിൽ വീരാൻ കുട്ടിയാണ് മരിച്ചത്. അവസാനം നടത്തിയ പരിശോധനയിൽ നെഗറ്റീവ് ആയതിനെ തുടർന്ന് തുടർന്ന് ഇദേഹത്തെ കൊവിഡ് മുക്തനായി കണക്കാക്കി ചികിത്സ തുടരുകയായിരുന്നു. ഹൃദ്രോഗവും വൃക്ക സംബന്ധമായ അസുഖങ്ങളും ഇദ്ദേഹത്തിന് ഉണ്ടായിരുന്നുവെന്നാണ് മഞ്ചേരി മെഡിക്കൽ കോളേജ് വിദഗ്ദ്ധർ നൽകുന്ന സൂചന. എന്തായാലും അവസാനത്തെ സാംപിൾ പരിശോധന ഫലം കൂടി ലഭിച്ച ശേഷമേ ഇദ്ദേഹത്തിൻ്റെ സംസ്കാരം നടത്തുക.
വീരാൻ കുട്ടിക്ക് നാൽപ്പത് വർഷമായി ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടായിരുന്നുവെന്ന് മലപ്പുറം ജില്ല മെഡിക്കൽ ഓഫീസർ അറിയിച്ചു. കഴിഞ്ഞ ആഴ്ച നടത്തിയ കൊവിഡ് പരിശോധനയിൽ ഫലം നെഗറ്റീവായതിനെ തുടർന്ന് ഇയാളെ രോഗം മാറിയവരുടെ പട്ടികയിൽ ഉൾപ്പെടുത്തി പ്രത്യേകം നിരീക്ഷിച്ചു വരികയായിരുന്നു. തുടർച്ചയായി മൂന്ന് തവണ ഇയാളുടെ ഫലം നെഗറ്റീവായെന്നാണ് വിവരം.
ഒരാഴ്ചയായി ഇയാളുടെ ആരോഗ്യനില അൽപം മോശമായിരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ആരോഗ്യനില കൂടുതൽ വഷളായി. ഇന്നലെ മെഡിക്കൽ ബോർഡ് യോഗം ചേരുകയും ഇദ്ദേഹത്തിൻ്റെ സാപിംൾ ശേഖരിച്ച് വീണ്ടും പരിശോധനയ്ക്ക് അയക്കാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് വീരാൻ കുട്ടി മരണപ്പെട്ടത്.
മഞ്ചേരി മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലായിരുന്ന ഇദ്ദേഹത്തിന് ഏപ്രിൽ രണ്ടിനാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ഒരാഴ്ച മുൻപാണ് ഇയാളുടെ ആദ്യപരിശോധന ഫലം നെഗറ്റീവായത്. ഹൃദയസംബന്ധമായും വൃക്കയ്ക്കും പ്രശ്നങ്ങൾ ഉള്ളതിനാൽ ആശുപത്രിയിൽ തന്നെ രണ്ടാഴ്ച കൂടി നിരീക്ഷണത്തിൽ നിർത്താൻ മെഡിക്കൽ ബോർഡ് തീരുമാനിക്കുകയായിരുന്നു.
ഇതിനിടെയാണ് ഇയാളുടെ ആരോഗ്യനില വഷളായതും മരിച്ചതും. വീരാൻ കുട്ടിയുടെ സാംപിൾ കൊവിഡ് ടെസ്റ്റിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് അയച്ചിട്ടുണ്ട്. ഉച്ചയോടെ ഇതിൻ്റെ ഫലം പുറത്തു വരും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനു ശേഷമായിരിക്കും ഇദ്ദേഹത്തിന്റെ സംസ്കാരം നടത്തുക.
സ്രവപരിശോധന ഫലത്തിൽ പിഴവ് വരാൻ സാധ്യതയുള്ളതിനാലാണ് വീണ്ടും സ്രവപരിശോധന നടത്തിയതെന്നും നിലവിലുള്ള ആരോഗ്യപ്രശ്നങ്ങളെ കൊവിഡ് വൈറസ് ബാധ ഗുരുതരമാക്കിയിരിക്കാൻ സാധ്യതയുണ്ടെന്നും മഞ്ചേരി മെഡിക്കൽ കോളേജിലെ ഡോക്ടർമാർ അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam