മലപ്പുറത്ത് കൊവിഡ് ചികിത്സയിലായിരുന്ന ആൾ മരിച്ചു: അവസാന പരിശോധനഫലം നെഗറ്റീവ്

By Web TeamFirst Published Apr 18, 2020, 8:08 AM IST
Highlights

മറ്റ് രോഗങ്ങൾ കൂടി ഉണ്ടായിരുന്ന ഇദ്ദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ നിരീക്ഷണ ത്തിൽ കഴിയവേ ആണ് മരിച്ചത്. ഒരു പരിശോധന ഫലം കൂടി വരാനുണ്ട്.

മലപ്പുറം: കൊവിഡ് ബാധിച്ച് ചികിത്സയിലിരുന്ന മലപ്പുറം സ്വദേശിയായ 85 കാരന്‍ മരിച്ചു. മലപ്പുറം കീഴാറ്റൂരിൽ കൊവിഡ് 19 സ്ഥിരീകരിച്ച നെച്ചിത്തടത്തിൽ വീരാൻ കുട്ടി ആണ് മരിച്ചത്. അവസാനം നടത്തിയ കൊവിഡ് പരിശോധനയിൽ നെഗറ്റീവ് ആയിരുന്നു. മഞ്ചേരി മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ കഴിയവേ ആണ് മരണം. ഇയാളുടെ ഒരു പരിശോധന ഫലം കൂടി വരാനുണ്ടായിരുന്നു.

ഇയാൾക്ക് കഴിഞ്ഞ 40 വര്‍ഷമായി ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടായിരുന്നെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ഇദ്ദേഹത്തിന്‍റെ ആരോഗ്യനില ഏറെക്കുറെ സാധാരണ നിലയിലേക്ക് മടങ്ങുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഉംറ കഴിഞ്ഞെത്തിയ മകനിൽ നിന്നാണ് കൊവിഡ് ബാധിച്ചത്. അതേസമയം ഇദ്ദേഹത്തിന്റെ മരണകാരണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ഇദ്ദേഹത്തിന്റെ അവസാന രണ്ട് പരിശോധനാ ഫലങ്ങള്‍ നെഗറ്റീവായിരുന്നു. മൂന്നാമത്തെ ഫലം കാത്തിരിക്കുന്നതിനിടെയാണ് മരണം സംഭവിക്കുന്നത്.

കൊവിഡ് മൂലമുള്ള സങ്കീർണതകളാവാം മരണ കാരണമാകാമെന്ന് മഞ്ചേരി മെഡിക്കൽ കോളേജിലെ ഡോക്ടർമാർ അറിയിച്ചു. എന്തായാലും അവസാനത്തെ പരിശോധന ഫലം കൂടി ലഭിച്ച ശേഷമേ ഇദ്ദേഹത്തിൻ്റെ സംസ്കാരം നടത്തുക. 

Also Read: കീഴാറ്റൂർ സ്വദേശിയുടെ മരണം കൊവിഡ് മൂലമുള്ള സങ്കീർണതകൾ കാരണമാകാമെന്ന് ഡോക്ടർമാർ

click me!