
കോഴിക്കോട്: കരിപ്പൂരിൽ വിമാനമിറങ്ങിയ ശേഷം അജ്ഞാതസംഘം തട്ടിക്കൊണ്ടു പോയ യാത്രക്കാരൻ തിരിച്ചെത്തി. കോഴിക്കോട് കുറ്റ്യാടി സ്വദേശി റിയാസാണ് വീട്ടിൽ തിരിച്ചെത്തിയത്. ഇന്നലെ രാത്രി കരിപ്പൂരിൽ വിമാനമിറങ്ങിയ റിയാസിനെ അജ്ഞാതസംഘം തട്ടിക്കൊണ്ടു പോകുകയായിരുന്നു. ഇയാൾക്കായി പൊലീസ് തെരച്ചിൽ തുടരുന്നതിനിടെയാണ് രാവിലെ പതിനൊന്നരയോടെ ഇയാൾ കുറ്റ്യാടിയിലെ വീട്ടിൽ തിരിച്ചെത്തിയത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്നാണ് സൂചന.
അബുദാബിയിൽ നിന്നും ഇന്നലെ രാത്രിയാണ് റിയാസ് കരിപ്പൂരിൽ വിമാനമിറങ്ങിയത്. കക്കടാം പൊയിലിലെ ക്വാറന്‍റീൻ കേന്ദ്രത്തില്‍ നിന്നും വരുത്തിയ ടാക്സി കാറിലാണ് റിയാസ് യാത്ര ചെയ്തിരുന്നത്. യാത്രയ്ക്കിടെ കൊണ്ടോട്ടി കാളോത്ത് വച്ചാണ് മൂന്നു കാറുകളിലായി എത്തിയ സംഘം റിയാസിനെ ടാക്സി കാര്‍ തടഞ്ഞു നിര്‍ത്തി പിടിച്ചിറക്കികൊണ്ടുപോയത്.
ടാക്സി ഡ്രൈവര്‍ അഷറഫാണ് വിവരം കൊണ്ടോട്ടി പൊലീസില്‍ അറിയിച്ചത്.പത്തു പേരുണ്ടായിരുന്നു സംഘത്തിലെന്നും ഡ്രൈവര്‍ പൊലീസിന് മൊഴി കൊടുത്തിട്ടുണ്ട്. സംഭവം നടന്ന സ്ഥലത്ത് സിസിടിവിക്യാമറകളൊന്നും ഇല്ലായിരുന്നുവെങ്കിലും പൊലീസ് നടത്തിയ അന്വേഷണത്തിൽ റിയാസിനെ കയറ്റിയ വാഹനവും അകമ്പടി വാഹനങ്ങളും അരീക്കോട് ഭാഗത്തേക്ക് പോകുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam