നിരീക്ഷണത്തിലിരിക്കെ യുവാവ് നാട്ടിലേക്ക് മടങ്ങി; ബസില്‍ യാത്ര ചെയ്യവേ പിടികൂടി, കേസെടുത്തു

By Web TeamFirst Published Jul 5, 2020, 6:51 AM IST
Highlights

ജൂൺ 23ന് സുഹൃത്തുക്കൾക്കൊപ്പം മധുരയിൽ നിന്നെത്തിയതാണ് കണ്ണൂർ സ്വദേശി. ഇയാളോടൊപ്പം വന്ന പാലക്കാട് തൃത്താലയിലെ സുഹൃത്തിന്‍റെ വീട്ടിൽ നിരീക്ഷണത്തിൽ തുടരുകയായിരുന്നു

പാലക്കാട്: പാലക്കാട് കൊവിഡ് സ്ഥിരീകരിച്ച കണ്ണൂർ സ്വദേശി നിരീക്ഷണത്തിലിരിക്കെ നാട്ടിലേക്ക് മടങ്ങി. സുഹൃത്തിന്‍റെ വീട്ടിൽ നിരീക്ഷണത്തിലിരിക്കെ മടങ്ങിയ കണ്ണൂർ സ്വദേശിയെ കോഴിക്കോട് കൊയിലാണ്ടിയിൽ വെച്ച് പൊലീസ് പിടികൂടി ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റി. കെഎസ്ആർടിസി ബസ്സിൽ യാത്ര ചെയ്യുന്നതിനിടെയാണ് ഇയാളെ കണ്ടെത്തിയത്. പാലക്കാട് തൃത്താല പൊലീസ് ഇയാൾക്കെതിരെയും സുഹൃത്തിനെതിരെയും കേസെടുത്തു

ജൂൺ 23ന് സുഹൃത്തുക്കൾക്കൊപ്പം മധുരയിൽ നിന്നെത്തിയതാണ് കണ്ണൂർ സ്വദേശി. ഇയാളോടൊപ്പം വന്ന പാലക്കാട് തൃത്താലയിലെ സുഹൃത്തിന്‍റെ വീട്ടിൽ നിരീക്ഷണത്തിൽ തുടരുകയായിരുന്നു. 30ന് ഇവരുടെ ശ്രവം പരിശോധനക്കെടുത്തു. പരിശോധനാ ഫലം വരുന്ന സാഹചര്യത്തിൽ ആരോഗ്യ പ്രവർത്തകർ രാവിലെ ബന്ധപ്പെട്ടപ്പോൾ ഇയാൾ സുഹൃത്തിന്‍റെ വീട്ടിൽ തന്നെയുണ്ടായിരുന്നു. പിന്നാടാണ് ഇയാൾ മറ്റൊരു സുഹൃത്തിനൊപ്പം ബൈക്കിൽ നാട്ടിലേക്ക് മടങ്ങിയത്. 

ഇയാളുടെ വിവരം ലഭിക്കാതായതോടെ ആരോഗ്യ വകുപ്പ് പൊലീസിനെ വിവരമറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കൊയിലാണ്ടിയിൽ വെച്ച് ഇയാളെ കണ്ടെത്തി. ബൈക്കിൽ കോഴിക്കോടെത്തിയ ഇയാൾ കെഎസ്ആര്‍ടിസി ബസ്സിൽ കണ്ണൂരിലേക്ക് യാത്ര ചെയ്യുകയായിരുന്നു. തുടർന്ന് ആരോഗ്യ പ്രവർത്തകർ ഇയാളെ കണ്ണൂരിലെ ചികിത്സ കേന്ദ്രത്തിലേക്ക് മാറ്റി. ഇയാളുടെ കൂടെ നിരീക്ഷണത്തിലുണ്ടായിരുന്നയാൾക്കും കൊവിഡ് സ്ഥീരികരിച്ചിട്ടുണ്ടെന്നാണ് ആരോഗ്യ വകുപ്പ് നൽകുന്ന വിവരം. യാത്രക്കിടെ ഇയാളുമായി സമ്പർക്കത്തിലേർപ്പെട്ടവരുടെ പട്ടിക ആരോഗ്യ വകുപ്പ് തയ്യാറാക്കുകയാണ്.

click me!