വിദേശത്തേക്ക് പോയ പയ്യോളി സ്വദേശിക്ക് കൊവിഡ്; ജാഗ്രത കടുപ്പിക്കാൻ തീരുമാനം

By Web TeamFirst Published Jun 6, 2020, 9:22 AM IST
Highlights

പയ്യോളിയിൽ ജാഗ്രത  കടുപ്പിക്കാൻ നഗരസഭാ ഓഫിസില്‍ ചേര്‍ന്ന ആരോഗ്യ പ്രവര്‍ത്തകരുടെയും പൊലിസ് ഉദ്യോഗസ്ഥരുടെയും നഗരസഭാ ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ തീരുമാനിച്ചു

കോഴിക്കോട്: പയ്യോളിയിൽ നിന്ന് വിദേശത്തേക്ക് പോയ വ്യക്തിക്ക് ബഹ്റൈനിലെ വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചു. ഇതിന് പിന്നാലെ പ്രദേശത്ത് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ജൂണ്‍ രണ്ടിനാണ് പയ്യോളി സ്വദേശി ബഹ്‌റൈനിൽ എത്തിയത്. വിമാനത്താവളത്തിലെ സ്രവ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. 

ഇദ്ദേഹത്തിന് രോഗം പകർന്നത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. അതിനാൽ പയ്യോളിയിൽ ജാഗ്രത  കടുപ്പിക്കാൻ നഗരസഭാ ഓഫിസില്‍ ചേര്‍ന്ന ആരോഗ്യ പ്രവര്‍ത്തകരുടെയും പൊലിസ് ഉദ്യോഗസ്ഥരുടെയും നഗരസഭാ ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ തീരുമാനിച്ചു.

വിദേശത്തേക്ക് പോവുന്നതിന് മുൻപ്  നഗരസഭ പരിധിയിലെ നിരവധിയാളുകളുമായി ഇയാൾ സമ്പർക്കം പുലർത്തിയിരുന്നു. ബന്ധുക്കളോട് നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശം നല്‍കി. ഇയാൾ ടിക്കറ്റ് എടുത്ത ട്രാവല്‍സും ഇയാൾ സന്ദർശിച്ച മറ്റു രണ്ടു സ്ഥാപനങ്ങളും അടച്ചു. ഇയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ പട്ടിക ഉടൻ തയ്യാറാക്കും. 

ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ പയ്യോളി നഗരസഭ ഓഫീസിലേക്കുള്ള പ്രവേശനം നിയന്ത്രിച്ചു.  പയ്യോളി ടൗണില്‍ നിയന്ത്രണം ശക്തമാക്കും.  ജാഗ്രതയുടെ ഒന്നാം ഘട്ടമെന്ന നിലയില്‍ ഉച്ചഭാഷിണി ഉപയോഗിച്ച് ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

click me!