കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സെൽ 2024-25 സാമ്പത്തിക വർഷത്തിൽ 43 കോടി രൂപയുടെ റെക്കോർഡ് വരുമാനം നേടി, മുൻ വർഷത്തെ 23 കോടിയിൽ നിന്ന് വൻ കുതിച്ചുചാട്ടം. തിരുവനന്തപുരം, മൂന്നാർ ഡബിൾ ഡെക്കർ സർവീസുകൾ വൻ വിജയം.
കൊല്ലം: കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സെല്ലിന് മികച്ച നേട്ടം. 2023-24 സാമ്പത്തിക വർഷത്തിൽ 23 കോടി രൂപയായിരുന്ന വാർഷിക വരുമാനം, 2024-25 കാലയളവിൽ 43 കോടി രൂപയായി ഉയർന്നു. നൂതനവും വൈവിധ്യമാർന്നതുമായ വിനോദസഞ്ചാര പദ്ധതികൾ ആവിഷ്‌കരിച്ച് വിജയകരമായി നടപ്പിലാക്കിയാണ് ഈ നേട്ടം കെഎസ്ആർടിസി കൈവരിച്ചത്. തിരുവനന്തപുരം നഗരക്കാഴ്ചകൾ എന്ന പേരിലുള്ള ഇലക്ട്രിക് ഡബിൾ ഡക്കർ ബസ് സർവീസ്, മൂന്നാറിലെ 'റോയൽ വ്യൂ' ഗ്ലാസ് ടോപ്പ് ഡബിൾ ഡെക്കർ, കൊച്ചി ഡബിൾ ഡെക്കർ സിറ്റി ടൂർ, വിദ്യാർത്ഥികൾക്കായി വിനോദവും വിജ്ഞാനവും കോർത്തിണക്കിയ ട്രാവൽ ടു ടെക്നോളജി പാക്കേജുകൾ, തീർത്ഥാടന ടൂറിസം പാക്കേജുകൾ, അന്തർസംസ്ഥാന ടൂറിസം പാക്കേജുകൾ തുടങ്ങിയവയാണ് ഇതിൽ പ്രധാനപ്പെട്ടത്.
2024 മാർച്ചിൽ ആരംഭിച്ച തിരുവനന്തപുരം നഗരക്കാഴ്ചകൾ പാക്കേജിന്റെ ഭാഗമായി 1,191 സർവീസുകൾ നടത്തി 2.77 കോടി രൂപ വരുമാനം നേടി. 2.08 കോടി രൂപയാണ് ഈ പദ്ധതിയുടെ പ്രവർത്തന ലാഭം. 2025 ഫെബ്രുവരിയിൽ ആരംഭിച്ച മൂന്നാർ 'റോയൽ വ്യൂ' ഗ്ലാസ് ടോപ്പ് ഡബിൾ ഡെക്കർ സർവീസ് 1.18 കോടി രൂപയുടെ കളക്ഷൻ നേടി. സംസ്ഥാനത്തിന് അകത്തും പുറത്തും പ്രശസ്തമായ ഇതിന്റെ വിജയത്തെത്തുടർന്ന് 2026 ജനുവരി 2 മുതൽ രണ്ടാമതൊരു ബസ് കൂടി റോയൽ വ്യൂ.2 എന്ന പേരിൽ സർവീസ് ആരംഭിച്ചിട്ടുണ്ട്. 2025 ജൂലൈയിൽ ആരംഭിച്ച കൊച്ചി ഡബിൾ ഡെക്കർ സിറ്റി ടൂർ പദ്ധതിയിലൂടെ 3,712 യാത്രക്കാർ കൊച്ചി നഗരക്കാഴ്ചകൾ ആസ്വദിച്ചു. സ്‌കൂളുകളെയും കോളേജുകളെയും കേന്ദ്രീകരിച്ച് നടത്തിയ വിദ്യാർത്ഥി ടൂറിസത്തിന് 310 ട്രിപ്പുകളിലൂടെ ലഭിച്ച വരുമാനം 27 ലക്ഷം രൂപയാണ്.
പുതിയ മാറ്റങ്ങളും വിപുലീകരണവും ലക്ഷ്യമിട്ട് ബഡ്ജറ്റ് ടൂറിസത്തിനായി പ്രത്യേക തീമിൽ ബ്രാൻഡഡ് ബസുകൾ അവതരിപ്പിച്ചത് യാത്രക്കാരെ കൂടുതലായി ആകർഷിക്കാൻ സഹായകമായി. കൂടാതെ ദശാവതാര ക്ഷേത്രദർശനം, നാലമ്പല ദർശനം, പഞ്ചപാണ്ഡവ ക്ഷേത്രദർശനം, കൃപാസനം പാക്കേജ് തുടങ്ങിയ ക്ഷേത്ര ടൂറിസം പാക്കേജുകളും രാമേശ്വരം, മധുര തുടങ്ങിയ അന്തർസംസ്ഥാന തീർത്ഥാടന ടൂറിസം പാക്കേജുകളും കെഎസ്ആർടിസിക്ക് അധിക വരുമാനം ഉറപ്പാക്കുന്നു. തീർത്ഥാടന ടൂറിസം പാക്കേജുകളിൽ പുതിയതായി ഗുരുവായൂർ ദേവസ്വം ബോർഡുമായും കെഎസ്ആർടിസി കൈകോർക്കാനൊരുങ്ങുകയാണ്. ഈ പാക്കേജിൽ ഗുരുവായൂർ ക്ഷേത്രത്തിൽ പോകുന്നവർക്ക് ഡോർമെട്രി സൗകര്യവും പ്രത്യേക ക്യൂവിലൂടെ ദർശന സൗകര്യവും ഒരുക്കും. ഇത്തരത്തിൽ വൈവിധ്യപൂർണ്ണമായ കൂടുതൽ പാക്കേജുകളിലൂടെ കെഎസ്ആർടിസി മികച്ച സേവനം ജനങ്ങൾക്ക് ഉറപ്പാക്കുകയാണ്.


