
തൃശ്ശൂരിന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന മണലൂർ മണ്ഡലം ഇത്തവണ കേരളം ഉറ്റുനോക്കുന്ന അതിശക്തമായ പോരാട്ടഭൂമിയായി മാറുകയാണ്. പത്ത് വർഷമായി ഇടതുപക്ഷം അടക്കിവാഴുന്ന ഈ 'ചെങ്കോട്ട' തിരിച്ചുപിടിക്കാൻ കോൺഗ്രസ് തങ്ങളുടെ ഏറ്റവും കരുത്തനായ പടക്കുതിര ടി.എൻ പ്രതാപനെ തന്നെ ഇറക്കുമ്പോൾ, കോട്ട കാക്കാൻ മുൻ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിലൂടെ സിപിഎം പ്രതിരോധം തീർക്കുന്നു. ബിജെപിക്ക് വലിയ സ്വാധീനമുള്ള മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയായി അഡ്വ: കെ.കെ അനീഷ് കുമാർ കൂടി എത്തുന്നതോടെ മണലൂരിലെ പോരാട്ടം പ്രവചനാതീതമായി മാറിക്കഴിഞ്ഞു.
2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ ചുവരെഴുത്തുകൾ വരെ നടത്തി പത്രിക സമർപ്പിക്കാൻ തയ്യാറെടുത്ത ടി.എൻ പ്രതാപൻ, അന്ന് പാർട്ടി നിർദ്ദേശപ്രകാരം കെ. മുരളീധരന് വേണ്ടി മാറിനിൽക്കുകയായിരുന്നു. അന്ന് നൽകിയ വാഗ്ദാനം പാലിച്ചുകൊണ്ടാണ് കോൺഗ്രസ് അദ്ദേഹത്തെ മണലൂരിലേക്ക് നിയോഗിച്ചിരിക്കുന്നത്. വിജയചരിത്രം മാത്രം പറയാനുള്ള നേതാവാണ് പ്രതാപൻ. 2001-ൽ നാട്ടികയിൽ മന്ത്രി കൃഷ്ണൻ കണിയാമ്പറമ്പിലിനെ അട്ടിമറിച്ചാണ് അദ്ദേഹം നിയമസഭയിലെത്തിയത്. പിന്നീട് കൊടുങ്ങല്ലൂരിൽ മന്ത്രി കെ.പി രാജേന്ദ്രനെയും ലോക്സഭയിൽ സി.എൻ ജയദേവനെയും പരാജയപ്പെടുത്തിയ പ്രതാപൻ, മണലൂരിൽ അട്ടിമറി വിജയം കൊയ്യുമെന്ന ഉറച്ച വിശ്വാസത്തിലാണ് യുഡിഎഫ്. നാട്ടികയുമായി അതിർത്തി പങ്കിടുന്ന മണലൂരിൽ പ്രതാപനുള്ള വ്യക്തിപരമായ ബന്ധങ്ങളും ജനകീയ പ്രതിച്ഛായയും വോട്ടായി മാറുമെന്നാണ് കണക്കുകൂട്ടൽ.
നിലവിലെ എംഎൽഎ മുരളി പെരുനെല്ലിയെ മാറ്റിനിർത്തിക്കൊണ്ട് സിപിഎം നടത്തിയ പരീക്ഷണം മണലൂരിനെ ഒരു സുരക്ഷിത താവളമായി പാർട്ടി കാണുന്നു എന്നതിന്റെ തെളിവാണ്. വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി. രവീന്ദ്രനാഥിന്റെ വ്യക്തിപ്രഭാവമാണ് എൽഡിഎഫിന്റെ പ്രധാന ആയുധം. പുതുക്കാട് മണ്ഡലത്തിൽ അദ്ദേഹം കാഴ്ചവെച്ച വികസന മാതൃകകൾ മണലൂരിലും ചർച്ചയാകുന്നു. ഭരണവിരുദ്ധ വികാരം നിലനിൽക്കുമ്പോഴും 2025-ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനൊപ്പം നിന്ന ചരിത്രമാണ് മണലൂരിനുള്ളത്. ഒമ്പത് പഞ്ചായത്തുകളിൽ ആറെണ്ണവും എൽഡിഎഫ് ഭരണത്തിന് കീഴിലാണ്. ഈ സംഘടനാ സംവിധാനവും രവീന്ദ്രനാഥിന്റെ ലാളിത്യവും ചേരുമ്പോൾ മണ്ഡലം നിലനിർത്താമെന്ന് സിപിഎം കരുതുന്നു.
അഡ്വ: കെ.കെ അനീഷ് കുമാർ: നിർണ്ണായകമാകുന്ന ബിജെപി സാന്നിധ്യം
മണലൂരിലെ പോരാട്ടം കേവലം ഇരുമുന്നണികൾ തമ്മിലല്ലെന്ന് ഉറപ്പിക്കുന്നത് എൻഡിഎ സ്ഥാനാർത്ഥി അഡ്വ: കെ.കെ അനീഷ് കുമാറിന്റെ സാന്നിധ്യമാണ്. തൃശ്ശൂരിൽ സുരേഷ് ഗോപിയെ വിജയത്തിലേക്ക് നയിച്ച പ്രധാന സംഘാടകനായ അനീഷ് കുമാറിന് ആർഎസ്എസിന്റെ പൂർണ്ണ പിന്തുണയുണ്ട്. മണ്ഡലത്തിലെ ഹിന്ദു വോട്ട് ബാങ്കിൽ വലിയൊരു വിഹിതം പിടിച്ചെടുക്കാൻ അനീഷിന് സാധിച്ചാൽ അത് ഇരുമുന്നണികളുടെയും ഉറക്കം കെടുത്തും. മണലൂരിലെ 30% വരുന്ന ഈഴവ വോട്ടുകളും 27% വരുന്ന നായർ വോട്ടുകളും അനീഷ് എങ്ങനെ സ്വാധീനിക്കും എന്നതിനെ ആശ്രയിച്ചിരിക്കും അന്തിമഫലം.
2,22,706 വോട്ടർമാരുള്ള മണലൂർ മണ്ഡലത്തിൽ ക്രിസ്ത്യൻ, മുസ്ലിം വിഭാഗങ്ങൾ നിർണ്ണായകമാണ്. 2021-ൽ 29,876 വോട്ടുകൾക്കാണ് മുരളി പെരുനെല്ലി വിജയിച്ചത്. എന്നാൽ അന്ന് യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന വിജയ് ഹരിക്കെതിരെ ഉയർന്ന 'പേയ്മെന്റ് സ്ഥാനാർത്ഥി' വിവാദം വോട്ടുകൾ ചോർത്തിയിരുന്നു. ഇത്തവണ പ്രതാപൻ എത്തുന്നതോടെ ന്യൂനപക്ഷ വോട്ടുകൾ യുഡിഎഫിലേക്ക് ഏകീകരിക്കപ്പെടാൻ സാധ്യതയുണ്ടോ എന്ന ചോദ്യവും നിലനിൽകുന്നു.
വടകരയിൽ രണ്ടാമങ്കത്തിന് കെ.കെ. രമ; ആർജെഡിയിലൂടെ കോട്ട തിരിച്ചുപിടിക്കാൻ എൽഡിഎഫ്
സി. രവീന്ദ്രനാഥിന്റെ ലാളിത്യവും പ്രതാപന്റെ ജനകീയതയും ഏറ്റുമുട്ടുമ്പോൾ, ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണവും ബിജെപി പിടിക്കുന്ന ഹിന്ദു വോട്ടുകളും വിജയപരാജയങ്ങൾ നിശ്ചയിക്കും. ഈ നിമിഷം മണലൂരിൽ ഒരു അട്ടിമറി കാറ്റ് വീശുന്നുണ്ടോ എന്ന് കണ്ട് തന്നെ അറിയണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam