മംഗലാപുരത്തെ പൊലീസ് വെടിവയ്പ്പ്; കേരളത്തിൽ വ്യാപക പ്രതിഷേധങ്ങൾ, തീവണ്ടിയും ബസും തടഞ്ഞു

By Web TeamFirst Published Dec 19, 2019, 11:27 PM IST
Highlights
  • ക്യാംപസ് ഫ്രണ്ട് പ്രവർത്തകർ യെദ്യൂരപ്പയുടെ കോലം കത്തിച്ചു
  • ഡിവൈഎഫ്ഐ പ്രവർത്തകർ സംഘടിച്ചെത്തി പ്രതിഷേധിച്ചു
  • കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചു, ടയർ കത്തിച്ചു

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ കർണ്ണാടകത്തിൽ രണ്ട് പേർ കൊല്ലപ്പെട്ട സംഭവത്തിൽ കേരളത്തിൽ വ്യാപക പ്രതിഷേധം. കോഴിക്കോട്ട് ബസ് സ്റ്റാന്റിലേക്ക് വിവിധ സംഘടനകൾ മാർച്ച് നടത്തി. തമ്പാനൂരിൽ പ്രതിഷേധം നടത്തി.

തിരുവനന്തപുരത്ത് കെഎസ്‌യു പ്രവർത്തകർ തമ്പാനൂരിൽ ട്രെയിൻ തടഞ്ഞു. കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാന്റിൽ ക്യാംപസ് ഫ്രണ്ട് പ്രവർത്തകരും ഡിവൈഎഫ്ഐ പ്രവർത്തകരും വ്യത്യസ്ത പ്രതിഷേധം നടത്തി. കോൺഗ്രസ് പ്രവർത്തകരും പിന്നാലെയെത്തി റോഡിൽ ടയർ കത്തിച്ച് പ്രതിഷേധിച്ചു.

ഫ്രറ്റേർണിറ്റി പ്രവർത്തകരും കോഴിക്കോട് കെഎസ്ആർടിസി സ്റ്റാന്റിലേക്ക് മാർച്ച് നടത്തി. എസ്എഫ്ഐ പ്രവർത്തകർ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ പ്രതിഷേധ പ്രകടനം നടത്തി. ഇവർ അമിത് ഷാ യുടെ കോലം കത്തിച്ചു.

കോഴിക്കോട് നിന്ന് പുറപ്പെട്ട കർണ്ണാടക ബസ് തടഞ്ഞായിരുന്നു ക്യാംപസ് ഫ്രണ്ട് പ്രവർത്തകരുടെ പ്രതിഷേധം.  ഇവർ ഇവിടെ കർണ്ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ കോലം കത്തിച്ചു. പിന്നാലെ ഡിവൈഎഫ്ഐ പ്രവർത്തകരും പ്രതിഷേധവുമായി എത്തി. പൊലീസ് ഇരു സംഘടനയുടെയും പ്രവർത്തകരെ ഇവിടെ നിന്ന് നീക്കി.

ഇതിനിടെ ഡിസിസി പ്രസിഡന്റ് ടി സിദ്ധിഖിന്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തി. ഇവർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. റോഡിൽ ടയർ കത്തിച്ചു. ഫയർ ഫോഴ്സ് സംഘം സ്ഥലത്തെത്തി.

 

click me!