'അഷ്‌റഫ് പാക് മുദ്രാവാക്യം വിളിച്ചിട്ടില്ല, പ്രതികൾ കഥയുണ്ടാക്കിയതാകാം': പ്രദേശവാസിയായ സാമൂഹ്യപ്രവർത്തകൻ

Published : May 01, 2025, 02:46 PM IST
'അഷ്‌റഫ് പാക് മുദ്രാവാക്യം വിളിച്ചിട്ടില്ല, പ്രതികൾ കഥയുണ്ടാക്കിയതാകാം': പ്രദേശവാസിയായ സാമൂഹ്യപ്രവർത്തകൻ

Synopsis

മംഗളൂരുവിലെ കുടുപ്പുവില്‍ ആള്‍ക്കൂട്ടം അടിച്ചുകൊന്ന അഷ്റഫ് പാക് അനുകൂല മുദ്രാവാക്യം വിളിച്ചിട്ടില്ലെന്ന് പ്രദേശവാസി. മർദ്ദനമേറ്റ് വഴിയിൽ കിടന്ന അഷ്‌റഫിനെ പൊലീസ് ആശുപത്രിയിലെത്തിക്കാൻ വൈകിയെന്നും ആരോപണം.

കാസർകോട്: മംഗളൂരുവിലെ കുടുപ്പുവില്‍ ആള്‍ക്കൂട്ടം അടിച്ചുകൊന്ന അഷ്റഫ് പാക് അനുകൂല മുദ്രാവാക്യം വിളിച്ചിട്ടില്ലെന്ന് പ്രദേശവാസിയായ സാമൂഹിക പ്രവര്‍ത്തകന്‍ സജിത്ത് ഷെട്ടി. അടിച്ച് കൊന്നതിന് ശേഷം രക്ഷപ്പെടാൻ പ്രതികൾ ഇത്തരം ഒരു കഥയുണ്ടാക്കിയതാവാനാണ് സാധ്യതയെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറ‍ഞ്ഞു. കര്‍ണാടക ആഭ്യന്തര മന്ത്രി കാര്യങ്ങള്‍ അന്വേഷിച്ച് അറിയാതെ, പാക് അനുകൂല മുദ്രാവാക്യം വിളിച്ചെന്ന പ്രസ്താവന നടത്താന്‍ പാടില്ലായിരുന്നുവെന്നും സജിത്ത് പറഞ്ഞു. 

"അവിടെ ക്രിക്കറ്റ് മാച്ച് നടക്കുന്നുണ്ടായിരുന്നു. എന്തോ കശപിശയായി. ഒരാൾ പോയി അടിച്ചു. പിന്നെയത് കൂട്ടയടിയായി. ബാക്കിയുള്ള നല്ല ചെറുപ്പക്കാർ അടിക്കേണ്ടെന്ന് പറഞ്ഞു. പക്ഷേ ബാക്കിയുള്ളവർ കേട്ടില്ല. കൂട്ടമായി അടിച്ചു. പാകിസ്ഥാൻ സിന്ദാബാദ് എന്ന് വിളിച്ചിട്ടില്ലെന്നാണ് അറിയാൻ കഴിഞ്ഞത്"- സജിത്ത് ഷെട്ടി പറഞ്ഞു.

അഷ്റഫിനെ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഇൻസ്‌പെക്ടർ അടക്കം മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. മംഗളൂരു റൂറൽ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശിവകുമാർ, ഹെഡ് കോൺസ്റ്റബിൾ ചന്ദ്ര, കോൺസ്റ്റബിൾ യല്ലയിങ്ക എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. മർദനമേറ്റ് വഴിയിൽ കിടന്ന അഷ്‌റഫിനെ പൊലീസ് ആശുപത്രിയിലെത്തിക്കാൻ വൈകിയെന്നാണ് ആരോപണം.

ടാർപ്പോളിൻ ഷീറ്റ് ഇട്ട് മൂടി രണ്ട് മണിക്കൂർ ദേഹം വഴിയിൽ കിടത്തി. അസ്വഭാവിക മരണം എന്ന് മാത്രമാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. പിന്നീട് മൂന്ന് ദിവസത്തിന് ശേഷമാണ് ആൾക്കൂട്ട കൊലപാതകമെന്ന വകുപ്പ് ചുമത്തി കേസ് എടുത്തത്. കൃത്യ വിലോപത്തിനും ആൾക്കൂട്ടക്കൊലയെന്ന വകുപ്പ് ചുമത്തി കേസ് രജിസ്റ്റർ ചെയ്യാതെ അലംഭാവം കാണിച്ചുവെന്നും ചൂണ്ടിക്കാണിച്ചാണ് നടപടി. 

സംഭവത്തിൽ 19 പേർക്കെതിരെ ആൾക്കൂട്ട ആക്രമണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. 15 പേരെ അറസ്റ്റ് ചെയ്തു. കുടുപ്പു സ്വദേശി ടി സച്ചിൻ എന്നയാളാണ് ആൾക്കൂട്ട ആക്രമണത്തിന് നേതൃത്വം നൽകിയതെന്ന് പൊലീസ് പറയുന്നു. മരിച്ചെന്ന് മനസിലായപ്പോൾ അഷ്റഫിന്‍റെ മൃതദേഹം മൈതാനത്ത് ഉപേക്ഷിച്ച് അക്രമി സംഘം രക്ഷപ്പെടുകയായിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

റെയിൽവേ അവ​ഗണിച്ചപ്പോൾ മലയാളികളെ ചേർത്തുപിടിച്ച് കെഎസ്ആർടിസിയും കർണാടക ട്രാൻസ്പോർട്ടും, ക്രിസ്മസ് അവധിക്ക് നാട്ടിലെത്താൻ പെടാപാട്
എസ്ഐആറിൽ വോട്ടർ പട്ടികയിൽ നിന്ന് പേര് വെട്ടിയോ? വോട്ട് തിരികെ ചേർക്കാൻ അവസരമൊരുക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ