മംഗളൂരു കസ്റ്റഡി: മലയാളി മാധ്യമ സംഘം സൗത്ത് പൊലീസ് സ്റ്റേഷനിൽ, വിട്ടയക്കാതെ കര്‍ണാടക പൊലീസ്

By Web TeamFirst Published Dec 20, 2019, 2:07 PM IST
Highlights

മണിക്കൂറുകൾ പൊലീസ് വാഹനത്തിൽ ഇരുത്തിയ ശേഷമാണ് ഓരോ സംഘത്തെയായി സൗത്ത് പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. 

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിന് നേരെ നടന്ന അതിക്രമം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ കസ്റ്റഡിയിലായ മലയാളി മാധ്യമപ്രവര്‍ത്തകരെ വിട്ടയക്കാൻ കൂട്ടാക്കാതെ മംഗളൂരു പൊലീസ്. വിട്ടയച്ചെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി പ്രഖ്യാപിച്ചിട്ടും കസ്റ്റഡിയിലെടുത്ത് മണിക്കൂറുകൾക്ക് ശേഷവും ഏഷ്യാനെറ്റ് ന്യൂസിന്‍റെത് അടക്കം മാധ്യമപ്രവര്‍ത്തകരെ വിട്ടയക്കാൻ പൊലീസ് തയ്യാറായിട്ടില്ല. മണിക്കൂറുകളോളം വാനിൽ ഇരുത്തിയ ശേഷമാണ് സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് എത്തിച്ചത്. ആഹാരമൊ വെള്ളമോ നൽകാൻ പോലും പൊലീസ് തയ്യാറായിട്ടില്ല. രേഖകൾ പരിശോധിക്കാനെന്ന പേരിലാണ് മാധ്യമപ്രവര്‍ത്തകരെ പൊലീസ് പിടികൂടി കസ്റ്റഡിയിലെടുത്തത്. 

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിനിടെ രണ്ട് പേര്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാൻ മലയാളി മാധ്യമപ്രവര്‍ത്തകര്‍ മംഗളൂരുവിലെത്തിയത്. മൃതദേഹങ്ങൾ സൂക്ഷിച്ച ആശുപത്രിക്ക് സമീപത്ത് നിന്ന് രാവിലെ എട്ടരയോടെയാണ് മലയാളി മാധ്യമ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മൊബൈൽ ഫോണും ക്യാമറയും അടക്കമുള്ള ഉപകരണങ്ങളും പിടിച്ചെടുത്തു. പരസ്പരം കാണാനോ സംസാരിക്കാനോ കസ്റ്റഡിയിലായവരെ പോലും അനുവദിക്കുകയും ചെയ്തില്ല. 

രേഖകൾ പരിശോധിക്കാനെന്ന വിശദീകരണത്തോടെയാണ് മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തത്. വന്നവര്‍ വ്യാജ മാധ്യമപ്രവര്‍ത്തകരാണെന്ന പ്രചാരണം അഴിച്ച് വിടാനും കര്‍ണാടക പൊലീസിൽ നിന്ന് ബോധപൂര്‍വ്വം ശ്രമമുണ്ടായി. 

തുടര്‍ന്ന് വായിക്കാം: 

മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഓഫീസ് കര്‍ണാടക പൊലീസുമായി ബന്ധപ്പെട്ടിരുന്നു. ഡിജിപിയും ചീഫ് സെക്രട്ടറിയും ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുകയും ചെയ്തിരുന്നു. എന്നിട്ടും മാധ്യമപ്രവര്‍ത്തകരെ വിട്ടയക്കുന്നതിനുള്ള നടപടികൾ പൊലീസിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നതും ശ്രദ്ധേയമാണ്. 

ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ മുജീബ് ചെറിയാംപുരം, കാമറമാൻ പ്രതീഷ് കപ്പോത്ത്,  മീഡിയ വൺ റിപ്പോർട്ടർ ഷബീർ ഒമർ കാമറ മാൻ അനീഷ്,  ന്യൂസ് 24 റിപ്പോര്‍‍ട്ടര്‍‍ ആനന്ദ് കൊട്ടില കാമറമാൻ രഞ്ജിത്ത്,ന്യൂസ് 18 ക്യാമറാമാൻസുമേഷ് മൊറാഴ തുടങ്ങിയവരെല്ലാം പൊലീസ് കസ്റ്റഡിയിലാണ്. 

തുടര്‍ന്ന് വായിക്കാം:  മംഗളൂരുവിൽ മാധ്യമ പ്രവര്‍ത്തകരുടെ കസ്റ്റഡി: കേരളത്തിൽ വ്യാപക പ്രതിഷേധം...

 

click me!