
കോഴിക്കോട്: ലോകത്തിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള മാമ്പഴങ്ങള്‍ ഉള്‍പ്പെടെ എത്തിച്ച് ഒരു നാട്ടിലെ മാമ്പഴ പ്രേമികള്‍ നടത്തുന്ന പ്രദര്‍ശന മേള നാടിന്‍റെയാകെ പ്രശംസ പിടിച്ചുപറ്റി. മുക്കം കാരശ്ശേരിയിലാണ് 'മാങ്ങാ പ്രാന്തന്മാര്‍' എന്ന് സ്വയം വിശേഷിപ്പിക്കുന്ന മാമ്പഴ പ്രേമികളുടെയും കര്‍ഷകരുടെയും കൂട്ടായ്മ മാമ്പഴ പ്രദര്‍ശനം ഒരുക്കിയത്. കേരളത്തില്‍ വിളയിച്ചെടുത്ത നാട്ടുമാങ്ങയുടെ മധുരം മുതല്‍ ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള വിദേശ ഇനങ്ങള്‍ ഉള്‍പ്പെടെ നൂറിലധികം ഇനങ്ങളുടെ പ്രദര്‍ശനവും രുചിമേളയുമാണ് ഇവര്‍ നാട്ടുകാര്‍ക്കായി സംഘടിപ്പിച്ചത്. ലോകത്തിലെ തന്നെ ഏറ്റവും വിലകൂടിയ ജാപ്പനീസ് മാമ്പഴമായ 'മിയാസാക്കി'യായിരുന്നു മേളയിലെ പ്രധാന താരം. കേരളത്തിലെ മണ്ണിലും മിയാസാക്കി നൂറുമേനി വിളയുമെന്ന് തെളിയിച്ച കര്‍ഷകര്‍ കൂടിയായിരുന്നു സംഘാടനത്തിന് പിന്നില്‍.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഇനങ്ങളും അപൂര്‍വ്വ നാടന്‍ മാങ്ങകളും മേളയുടെ മാറ്റ് കൂട്ടി. കണ്ട് മടങ്ങാന്‍ മാത്രമല്ല, വന്നവര്‍ക്കെല്ലാം മാമ്പഴങ്ങള്‍ കഴിക്കാനും രുചിവൈവിധ്യങ്ങളെ കുറിച്ച് അഭിപ്രായം പറയാനുമുള്ള സൗകര്യവും ഇവിടെ ഒരുക്കിയിരുന്നു. തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ് കാരശ്ശേരിയിലെ പൊയിലില്‍ വീട്ടില്‍ ഈ മാമ്പഴക്കൂട്ടായ്മ സംഘടിപ്പിക്കുന്നത്. പ്രകൃതിസ്‌നേഹിയും കര്‍ഷകനുമായ അബ്ദു പോയിലിലാണ് ഇത്തരത്തിലുള്ള ഒരു ആശയത്തിന് തുടക്കമിട്ടത്. തായ്ലന്‍ഡ് വെറൈറ്റികളായ റെഡ് ഐബറി, സൂപ്പര്‍ ക്വീന്‍, നാടന്‍ മാങ്ങകളായ കോട്ടൂര്‍ കോണം , കൊളംബ്, ചക്കരക്കട്ടി തുടങ്ങിയവയും പ്രദര്‍ശനത്തിന്റെ ഭാഗമായുണ്ട്. തിരുവമ്പാടി മണ്ഡലം നിയുക്ത എം.ല്‍.എ സി.കെ കാസിം മംഗോ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam