
കോട്ടയം: പാലായിലെ ഇടത് സ്ഥാനാർത്ഥിയായി മാണി സി കാപ്പനെ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. സ്ഥാനാർത്ഥിത്വത്തിൽ എൻസിപി നേതൃയോഗം തീരുമാനമെടുത്തു. യോഗത്തിൽ മറ്റ് പേരുകളൊന്നും ഉയർന്നില്ല. എൻസിപി തീരുമാനം എൽഡിഎഫിനെ അറിയിച്ചിട്ടുണ്ട്. എൽഡിഎഫ് യോഗത്തിന് ശേഷമായിരിക്കും സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുക.
കേരള കോൺഗ്രസ്സിൽ തർക്കം മുറുകിയ സാഹചര്യത്തിൽ സ്ഥാനാർത്ഥിയെ ആദ്യം പ്രഖ്യാപിച്ച് പാലാ പിടിക്കാനുള്ള ലക്ഷ്യവുമായി മുന്നോട്ട് പോകാനാണ് എൽഡിഎഫ് നീക്കം. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും എൻസിപി നേതൃയോഗവും രാഷ്ട്രീയ സാഹചര്യം വിലയിരുത്തി. എതിർചേരിയിലെ ഭിന്നത രാഷ്ട്രീയമായി ഗുണം ചെയ്യുമെന്നാണ് ഇടുതുപക്ഷത്തിന്‍റെ വിലയിരുത്തൽ.
കെ. മാണിയോട് കഴിഞ്ഞ തവണ 4703 വോട്ടുകള്‍ക്കാണ് മാണി സി കാപ്പൻ പരാജയപ്പെട്ടത്. 2006 മുതല്‍ മൂന്ന് തവണ തുടര്‍ച്ചയായി കെ എം മാണിയോട് ഏറ്റുമുട്ടിയ അദ്ദേഹത്തിന് ഓരോ തവണയും നില മെച്ചപ്പെടുത്താനായതും ഇടത് മുന്നണിക്ക് പ്രതീക്ഷ നല്‍കുന്നതാണ്.
അതിനിടെ, മത്സരിച്ച് തോറ്റവർ വീണ്ടും സ്ഥാനാർത്ഥിയാകരുതെന്ന് സംസ്ഥാന നിർവ്വാഹക സമിതിയിലെ ക്ഷണിതാവ് സാബു എബ്രഹാം ആവശ്യപ്പെട്ടത് എൻസിപിക്ക് തലവേദനയായി. സുഗഗമായ ചർച്ചകൾക്കിടെയാണ് പാർട്ടി നേതൃത്വത്തെ ഞെട്ടിച്ച് എൻസിപി യോഗസ്ഥലത്ത് മാണി സി കാപ്പനെതിരെ സാബു എബ്രഹാം പരസ്യവിമർശനം നടത്തിയത്. എന്നാൽ സാബു ഇപ്പോൾ സസ്പെൻഷനിലാണെന്നാണ് പാർട്ടി നേതൃത്വത്തിന്‍റെ വിശദീകരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam