
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരള ഘടകത്തിൽ അനുനയ നീക്കവുമായി എൻസിപി കേന്ദ്ര നേതൃത്വം. പാലാ സീറ്റിൽ മാണി സി കാപ്പന്‍റെ സ്ഥാനാര്‍ത്ഥിത്വം അടക്കമുള്ള കാര്യങ്ങളിൽ അതി രൂക്ഷമായ അഭിപ്രായ ഭിന്നതയും അമര്‍ഷവും ശക്തമായ സാഹചര്യത്തിലാണ് പ്രശ്നത്തിൽ കേന്ദ്ര നേതൃത്വം ഇടപെടുന്നത്. ടിപി പീതാംബരൻ , മാണി സി കാപ്പൻ, എകെ ശശീന്ദ്രൻ അടക്കമുള്ള നേതാക്കളെ ശരദ് പവാര്‍ കൂടിക്കാഴ്ചക്ക് വിളിപ്പിച്ചു. ഫെബ്രുവരി ഒന്നിനാണ് കൂടിക്കാഴ്ച. പവാറും പ്രഫുൽ പട്ടേലും കൂടിക്കാഴ്ചയിൽ പങ്കെടുക്കുമെന്നാണ് തീരുമാനം.
കേരള എൻസിപി പിളര്‍പ്പിലേക്ക് എന്ന സൂചനകൾക്കിടെ മാണി സി കാപ്പൻ മുംബൈയിലെത്തി ശരദ് പവാറിനെ കണ്ടു. പാലായിൽ ജോസ് കെ മാണി സ്ഥാനാര്‍ത്ഥിയാകുമെന്ന് ഏതാണ്ട് ഉറപ്പായതോടെ ഇനി ഇടതുമുന്നണിക്ക് ഒപ്പം നിൽക്കുന്നതിൽ അര്‍ത്ഥമുണ്ടോ എന്ന ചോദ്യമാണ് മാണി സി കാപ്പൻ ദേശീയ നേതൃത്വത്തിനോട് ഉന്നയിക്കുന്നത്. മുന്നണി മാറ്റക്കാര്യത്തിൽ തീരുമാനം വൈകരുതെന്ന് ടിപി പിതാംബരനും ശരദ് പവാറിന് കത്ത് എഴുതിയിരുന്നു.
ഒരു വര്‍ഷവും ഏഴ് മാസവും മാത്രമാണ് പാലായുടെ എംഎൽഎ ആയി ഇരിക്കാൻ കഴിഞ്ഞുള്ളു. മൂന്ന് തവണ ശക്തമായ മത്സരം കാഴ്ചവച്ച് നാലാം തവണയാണ് ജയിച്ച് കയറിയത്. പാലായിൽ നിന്ന് മാറേണ്ട ഒരു സാഹചര്യവുംനിലവിലില്ല. പാര്‍ട്ടി ഇക്കാര്യത്തിൽ തീരുമാനം എടുക്കണം. ഇക്കാര്യം ശരദ് പവാറിനും ബോധ്യപ്പെട്ടിട്ടുണ്ടെന്നും അന്തിമ തീരുമാനം പവാറിന്‍റെതാണെന്നും കൂടിക്കാഴ്ച കഴിഞ്ഞിറങ്ങിയ മാണി സി കാപ്പൻ പ്രതികരിച്ചു. നിലവിൽ ജയിച്ച ഒരു സീറ്റും വിട്ടു കൊടുക്കേണ്ടതില്ലെന്ന നിലപാടാണ് പവാറിന്. കുട്ടനാട്ടിൽ തോമസ് ചാണ്ടിയുടെ സഹോദരൻ തന്നെ മത്സരിക്കുമെന്നും മാണി സി കാപ്പൻ അറിയിച്ചു.
എ കെ ശശീന്ദ്രൻ ഗ്രൂപ്പ് യോഗം വിളിച്ചു. ആ ഗ്രൂപ്പിന് ശക്തിയില്ല. കരുത്തുണ്ടെങ്കിൽ അത് പ്രദർശിപ്പിക്കാനാവുമായിരുന്നു. ഗ്രൂപ്പ് യോഗം വിളിച്ചതിനെതിരെ സംസ്ഥാന അധ്യക്ഷൻ പവാറിനോട് പരാതിപ്പെട്ടിട്ടുണ്ട് ഭിന്നതയുള്ളത് കൊണ്ടാണ് ചർച്ചയ്ക്കായി നേതാക്കളെ ദില്ലിയ്ക്ക് വിളിപ്പിച്ചതെന്നും മാണി സി കാപ്പൻ പറയുന്നു. എൻസിപി നേതാക്കളുമായി മാത്രമല്ല സിപിഎം കേന്ദ്ര നേതാക്കളുമായും കേരളത്തിലെ പ്രശ്നങ്ങൾ എൻസിപി ദേശീയ നേതൃത്വം ചര്‍ച്ച ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam