
ആലപ്പുഴ: പാലാ നിയമസഭ സീറ്റിനെ ചൊല്ലി എല്‍ഡിഎഫില്‍ വാദപ്രതിവാദങ്ങള്‍ നടക്കുന്നതിനിടെ മാണി സി കാപ്പനെ കുട്ടനാട്ടിൽ മത്സരിപ്പിക്കാൻ എൻസിപി കേന്ദ്ര നേതൃത്വത്തിൽ ഉൾപ്പെടെ സമ്മർദ്ദം ശക്തമാക്കി എ കെ ശശീന്ദ്രൻ വിഭാഗം. പാലാ സീറ്റ് എന്ന തർക്കം ഇതിലൂടെ പരിഹരിച്ച് എൽഡിഎഫിൽ തന്നെ തുടരാൻ കഴിയുമെന്നാണ് ശശീന്ദ്രനും കൂട്ടരും കരുതുന്നത്.
എന്നാൽ, പാലാ വിട്ടൊരു ചർച്ചയ്ക്കും ഒരുക്കമല്ലെന്ന് നിലപാടിൽ ഉറച്ചുനിൽക്കുകയാണ് മാണി സി കാപ്പനും കൂട്ടരും. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേർന്ന എ കെ ശശീന്ദ്രൻ വിഭാഗത്തിന്‍റെ ഗ്രൂപ്പ് യോഗമാണ് പുതിയ തന്ത്രം രൂപപ്പെടുത്തിയത്. മാണി സി കാപ്പനെ കുട്ടനാട്ടിൽ മത്സരിപ്പിക്കുക എന്നതാണ് എല്‍ഡിഎഫില്‍ തുടരാന്‍ ആഗ്രഹിക്കുന്ന ശശീന്ദ്രന്‍ വിഭാഗത്തിന് ആകെയുള്ള പോംവഴി.
മുഖ്യമന്ത്രിയും മറ്റ് എൽഡിഎഫ് നേതാക്കളും വഴി ചർച്ച നടത്തി കാപ്പനെ അനുനയിപ്പിക്കാനാണ് നീക്കം. കുട്ടനാട് സീറ്റ് ഉറപ്പിച്ച് മുന്നോട്ട് പോകുന്ന തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ് കെ തോമസിനോടും എ കെ ശശീന്ദ്രൻ വിഭാഗം ഇക്കാര്യം ചർച്ച ചെയ്തു. എൻസിപി, എൽഡിഎഫിൽ ഉറച്ചുനിൽക്കാൻ ഏത് നീക്കുപോക്കിനും തയ്യാറാണെന്ന് തോമസ് കെ തോമസ് അറിയിച്ചതായാണ് സൂചന.
പാലായ്ക്ക് പകരം പൂഞ്ഞാർ സീറ്റ് എന്ന ചർച്ച മാണി സി കാപ്പൻ ആദ്യം തന്നെ തള്ളിയിരുന്നു. അടുത്ത നീക്കം എന്ന നിലയിലാണ് കുട്ടനാട് സീറ്റ് മുന്നോട്ട് വച്ചുള്ള ശശീന്ദ്രൻ വിഭാഗത്തിന്‍റെ നീക്കം. എന്നാൽ സിറ്റിംഗ് സീറ്റ് വിട്ട് കൊടുത്തൊരു ചർച്ചയ്ക്കും മാണി സി കാപ്പനും സംസ്ഥാന അധ്യക്ഷൻ ടി പി പീതാംബരനും ഒരുക്കമല്ല.
പാർട്ടിയിലെ തർക്കം പരിഹരിക്കാനുള്ള ശരത് പവാറിന്‍റെ കേരള യാത്രയും ഇപ്പോൾ അനിശ്ചിതത്വത്തിലാണ്. പവാർ ഇല്ലെങ്കിൽ പ്രഫുൽ പട്ടേലിനെയെങ്കിലും സംസ്ഥാനത്ത് എത്തിച്ച് മുന്നണി മാറ്റം ഉൾപ്പെടെ ചർച്ച ചെയ്ത് അനുകൂല തീരുമാനം നടപ്പാക്കാനുള്ള ശ്രമത്തിലാണ് കാപ്പനും കൂട്ടരും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam