
ആലപ്പുഴ: നര്‍ത്തകനും കലാകാരനുമായ ആര്‍എല്‍വി രാമകൃഷ്ണനെ വംശീയമായി അധിക്ഷേപിച്ച സത്യഭാമക്കെതിരെ നടന്‍ മണികണ്ഠന്‍ ആചാരി. ആരൊക്കെ എന്തൊക്കെ ചെയ്യണമെന്ന് നിങ്ങള്‍ വീട്ടിലിരുന്ന് തീരുമാനിക്കുന്ന കാലം കഴിഞ്ഞു പോയി. ഇത് യുഗം വേറെയാണെന്ന് മണികണ്ഠന്‍ പറഞ്ഞു. രാമകൃഷ്ണനൊപ്പമുള്ള ഫോട്ടോ സഹിതമാണ് മണികണ്ഠന്റെ പരാമര്‍ശം.
മണികണ്ഠന്‍ ആചാരിയുടെ കുറിപ്പ്: 'സത്യഭാമയ്‌ക്കൊരു മറുപടി. ഞങ്ങള്‍ മനുഷ്യരാണ്. ഈ മണ്ണില്‍ ജനിച്ചു വളര്‍ന്നവര്‍. ഞങ്ങള്‍ കലാകാരന്മാര്‍ ആണ്. അതാണ് ഞങ്ങളുടെ അടയാളം. ഞങ്ങള്‍ ആടും പാടും അഭിനയിക്കും. കാണാന്‍ താത്പര്യമുള്ളവര്‍ നല്ല മനസ്സുള്ളവര്‍ കണ്ടോളും. ആരൊക്കെ എന്തൊക്കെ ചെയ്യണം എന്ന് നിങ്ങള്‍ വീട്ടിലിരുന്ന് തീരുമാനിക്കുന്ന കാലം കഴിഞ്ഞുപോയി. ഇത് യുഗം വേറെയാണ്.''
സത്യഭാമയുടെ പരാമര്‍ശത്തില്‍ വന്‍ പ്രതിഷേധമാണ് വിവിധ തലങ്ങളില്‍ നിന്ന് ഉയരുന്നത്. സിപിഎം, കോണ്‍ഗ്രസ്, ബിജെപി നേതാക്കളെല്ലാം തന്നെ സത്യഭാമക്കെതിരെ രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. മന്ത്രിമാരും പ്രതിപക്ഷ നേതാവും എംഎല്‍എമാരും വിവിധ പാര്‍ട്ടികളുടെ സംസ്ഥാന അധ്യക്ഷന്‍മാരുമെല്ലാം സത്യഭാമയുടെ ജാതി അധിക്ഷേപത്തെ തള്ളപ്പറഞ്ഞു. കേരളത്തിന്റെ യുവജനതയും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണ്. ഡിവൈഎഫ്‌ഐയും യൂത്ത് കോണ്‍ഗ്രസുമെല്ലാം സത്യഭാമക്കെതിരെ പ്രതിഷേധം വ്യക്തമാക്കിക്കഴിഞ്ഞു. ജാതി അധിക്ഷേപത്തില്‍ സത്യഭാമക്കെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് ഡിവൈഎഫ്‌ഐ പരാതിയും നല്‍കിയിട്ടുണ്ട്. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണം എന്നാണ് ഡിവൈഎഫ്‌ഐയുടെ ആവശ്യം. ഇതോടെ ജാതി അധിക്ഷേപം സത്യഭാമക്ക് കൂടുതല്‍ കുരുക്കായി മാറുമെന്നാണ് വ്യക്തമാകുന്നത്.
സത്യഭാമയുടെ പ്രതികരണങ്ങളെയും പ്രസ്താവനകളെയും കലാമണ്ഡലം വിസിയും രജിസ്ട്രാറും അപലപിച്ചു. സത്യഭാമയുടേത് പരിഷ്‌കൃത സമൂഹത്തിന് നിരക്കാത്ത പ്രസ്താവനയാണ്. സത്യഭാമയെ പോലുള്ളവരുടെ പേരിനൊപ്പം കലാമണ്ഡലത്തിന്റെ പേര് ചേര്‍ക്കുന്നത് സ്ഥാപനത്തിന് കളങ്കമാണ്. കലാമണ്ഡലത്തിലെ പൂര്‍വ വിദ്യാര്‍ഥി എന്നതിനപ്പുറം സത്യഭാമക്ക് കലാമണ്ഡലവുമായി ഒരു ബന്ധവും ഇല്ലെന്നും കേരള കലാമണ്ഡലം വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam