
തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ ടിപ്പർ ലോറികൾക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. എല്ലാ ദിവസവും രാവിലെയും വൈകീട്ടുമായി നാല് മണിക്കൂറാണ് നിയന്ത്രണം. രാവിലെ എട്ടു മുതൽ പത്ത് മണി വരെയും, വൈകീട്ട് മൂന്നു മുതൽ അഞ്ചു മണി വരെയും നഗരത്തിൽ ടിപ്പര്‍ ലോറികൾ ഓടരുതെന്നാണ് ഉത്തരവ്. ചരക്കു വാഹനങ്ങൾക്കും ഈ സമയത്ത് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വിഴിഞ്ഞത്ത് ടിപ്പറിൽ നിന്ന് കല്ല് തെറിച്ച് വീണ് അപകടത്തിൽ പെട്ട ബിഡിഎസ് വിദ്യാര്‍ത്ഥി അനന്തു മരിച്ച സംഭവത്തിന് പിന്നാലെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
അതേസമയം മരണവുമായി ബന്ധപ്പെട്ട് ഇന്ന് ജില്ലാ കളക്ടര്‍ വിളിച്ച സര്‍വകക്ഷി യോഗം അലസി പിരിഞ്ഞു. അനന്തുവിന്‍റെ കുടുംബത്തിന് നഷ്ടപരിഹാരം കൊടുക്കുന്നതിൽ യോഗത്തിൽ തീരുമാനമായില്ല. ആര് നഷ്ടപരിഹാരം നൽകണമെന്നതിൽ തീരുമാനമുണ്ടായില്ല. ഇതോടെ കോൺഗ്രസ് നേതാക്കൾ ഇറങ്ങിപ്പോയി. അദാനി ഗ്രൂപ്പും നഷ്ടപരിഹാരം നൽകാൻ തയ്യാറാണെന്ന് യോഗത്തിൽ പറഞ്ഞില്ല. അദാനിക്ക് വേണ്ടി നടന്ന ചര്‍ച്ചയെന്നായിരുന്നു പിന്നീട് കോൺഗ്രസ് നേതാവ് എം വിൻസന്റ് പ്രതികരിച്ചത്.
അനന്തുവിന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നായിരുന്നു കോൺഗ്രസിന്റെ ആവശ്യം. മുൻപ് സമാനമായ അപകടത്തിൽ പരിക്കേറ്റ സന്ധ്യാറാണിക്കും നഷ്ടപരിഹാരം ഇവര്‍ ആവശ്യപ്പെട്ടു. എന്നാൽ ഇതിലൊന്നും യോഗത്തിൽ തീരുമാനമായിരുന്നില്ല. ടിപ്പര്‍ അപകടങ്ങള്‍ ഒഴിവാക്കാൻ എന്‍ഫോഴ്സ്മെന്‍റ് സംവിധാനം ശക്തിപ്പെടുത്തുമെന്ന് യോഗത്തിനു ശേഷം ജില്ലാ കളക്ടര്‍ ജറോമിക് ജോര്‍ജ് പറഞ്ഞു. ഇതിന് പിന്നാലെയാണ് നഗരത്തിൽ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
അമിത വേഗം, അമിത ഭാരം എന്നിവ സംബന്ധിച്ച് പരിശോധന കര്‍ശനമാക്കുമെന്നാണ് കളക്ടര്‍ അറിയിച്ചത്. ടിപ്പറുകൾ ഓടിക്കുന്നത് സമയക്രമം പാലിച്ചാണോയെന്ന് ഉറപ്പ് വരുത്തും. അമിത ഭാരമാണ് അപകടങ്ങളുടെ പ്രധാന കാരണം. പൊലീസ്, എക്സൈസ്, എം വി ഡി എന്നിവര്‍ ചേര്‍ന്നുള്ള സംയുക്ത പരിശോധന ശക്തമാക്കും. അപകടം ഒഴിവാക്കാൻ മാർഗരേഖ തയ്യാറാക്കുമെന്നും കളക്ടര്‍ അറിയിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam