കോൺഗ്രസ് ഭരിക്കുന്ന മഞ്ഞള്ളൂർ ബാങ്കിലെ തട്ടിപ്പ്: ബെനാമി വായ്പയായി എടുത്തത് കോടികൾ, 22.13 കോടി തിരിച്ച് പിടിക്കാൻ ഉത്തരവ്

Published : Apr 14, 2026, 01:34 PM IST
Manjalloor Bank

Synopsis

കോൺഗ്രസ് ഭരിക്കുന്ന മഞ്ഞള്ളൂർ റൂറൽ സഹകരണ ബാങ്കിൽ നടന്ന 22.13 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പിൽ, ഉത്തരവാദികളായ ഭരണസമിതി അംഗങ്ങളിൽ നിന്നും ജീവനക്കാരിൽ നിന്നും തുക തിരിച്ചുപിടിക്കാൻ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ ഉത്തരവിട്ടു. 

കൊച്ചി: കോൺഗ്രസ് ഭരിക്കുന്ന മഞ്ഞള്ളൂർ റൂറൽ സഹകരണ ബാങ്കിൽ നടന്ന വൻ സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട്, ഉത്തരവാദികളായ ഭരണസമിതി അംഗങ്ങളിൽ നിന്നും ജീവനക്കാരിൽ നിന്നും 22,13,85,348 രൂപ തിരിച്ചുപിടിക്കാൻ എറണാകുളം ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ ഉത്തരവിട്ടു. ബാങ്കിന്റെ മുൻ പ്രസിഡന്റ് അന്തരിച്ച ജോയ് മാളിയേക്കൽ, മുൻ സെക്രട്ടറി ഡൊമിനിക് സ്കറിയ എന്നിവരുടെ നേതൃത്വത്തിൽ ജീവനക്കാരുടെ പങ്കാളിത്തത്തോടെ ആസൂത്രിതമായ തട്ടിപ്പാണ് നടന്നതെന്ന് അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നു.

മതിയായ ഈട്, വാല്യുവേഷൻ എന്നിവ ഇല്ലാതെ സ്വന്തം പേരിലും ബന്ധുക്കളുടെ പേരിലും കോടികൾ ബെനാമി വായ്പയായി എടുത്തു. നിക്ഷേപകർ അറിയാതെ സ്ഥിര നിക്ഷേപ രസീതുകളുടെ വ്യാജ പകർപ്പുകൾ ഉണ്ടാക്കി വായ്പ എടുത്തതോടൊപ്പം, ബാങ്ക് സോഫ്റ്റ്വെയറിലും ഓഡിറ്റ് രേഖകളിലും കൃത്രിമം കാട്ടിയും വലിയ തോതിൽ സാമ്പത്തിക വഞ്ചന നടന്നു. ഈ ക്രമക്കേടുകൾ വഴി സംഘത്തിന് ഉണ്ടായ ആകെ നഷ്ടം 22.13 കോടി രൂപയാണെന്ന് കണക്കാക്കുന്നു. ഏറ്റവും കൂടുതൽ ബാധ്യത ചുമത്തിയിരിക്കുന്നത് ജോയ് മാളിയേക്കലിനാണ് (6,45,13,998 രൂപ). അദ്ദേഹം മരിച്ചതിനാൽ ഈ തുക അനന്തരാവകാശികളിൽ നിന്ന് ഈടാക്കണമെന്നാണ് നിർദേശം.

ഡൊമിനിക് സ്കറിയക്ക് 6,12,81,134 രൂപ, ആനി ജോയ് 2,12,73,358 രൂപ, വിഎം സൈനുദ്ദീൻ 1,96,58,954 രൂപ, കെഎസ് ബോബൻ 1,40,90,203 രൂപ എന്നിങ്ങനെ കേസിൽ ഉൾപ്പെട്ട 20 പേരോട് തുക തിരിച്ചടയ്ക്കാൻ നിർദേശിച്ചിട്ടുണ്ട്. ബാങ്കിന്റെ നിലവിലെ അറ്റനഷ്ടം 28.48 കോടി രൂപയാണെന്നും പ്രവർത്തന മൂലധനം വൻതോതിൽ ചോർന്നുപോയതായും അന്വേഷണത്തിൽ കണ്ടെത്തി. ഉത്തരവ് ലഭിച്ചിട്ട് ഒരു മാസത്തിനകം തുക ബാങ്കിൽ തിരിച്ചടയ്ക്കാത്ത പക്ഷം, ബന്ധപ്പെട്ടവരുടെ സ്ഥാവര-ജംഗമ സ്വത്തുക്കൾ കണ്ടുകെട്ടുന്നതുൾപ്പെടെയുള്ള റവന്യൂ റിക്കവറി നടപടികൾ സ്വീകരിക്കാൻ മൂവാറ്റുപുഴ അസിസ്റ്റന്റ് രജിസ്ട്രാറിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അധ്യാപികയായ ലതയുടെ പേരിൽ അല്ല ലോൺ എടുത്തത്, അതിന്റെ പേരിൽ കേസ് ഒതുക്കാൻ അനുവദിക്കില്ലെന്ന് നിതിൻ രാജിന്റെ സഹോദരി
അദ്നാൻ്റെ സ്വഭാവ​ദൂഷ്യം പെൺകുട്ടി ചോദ്യം ചെയ്തത് വൈരാ​ഗ്യമുണ്ടാക്കി, മുത്തശ്ശിയേയും കൊല്ലാൻ ശ്രമിച്ചു; 16കാരിയുടെ കൊലപാതകത്തിൽ വിവരങ്ങൾ പുറത്ത്