മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസ്: ബിജെപി മുൻ ജില്ലാ പ്രസിഡന്റിന്റെ മുൻകൂർ ജാമ്യ ഹർജി തള്ളി

Published : Jul 22, 2022, 04:04 PM IST
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസ്: ബിജെപി മുൻ ജില്ലാ പ്രസിഡന്റിന്റെ മുൻകൂർ ജാമ്യ ഹർജി തള്ളി

Synopsis

കാസർകോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. കോഴ ലഭിച്ചുവെന്ന് വെളിപ്പെടുത്തൽ നടത്തിയ കെ സുന്ദരയെ കേസിൽ നേരത്തെ കോടതി വിസ്തരിച്ചിരുന്നു

കാസർകോട് : മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസിൽ ബിജെപി നേതാവ് അഡ്വ കെ ബാലകൃഷ്ണ ഷെട്ടിയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. ബിജെപി മുൻ ജില്ലാ പ്രസിഡന്റാണ് ബാലകൃഷ്ണ ഷെട്ടി. മൂന്ന് ദിവസങ്ങളിലായി നടന്ന ശക്തമായ വാദ പ്രതിവാദങ്ങൾക്ക് ഒടുവിലാണ് ബിജെപി നേതാവിന്റെ ഹർജി കോടതി തള്ളിയത്. 

കാസർകോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. കോഴ ലഭിച്ചുവെന്ന് വെളിപ്പെടുത്തൽ നടത്തിയ കെ സുന്ദരയെ കേസിൽ നേരത്തെ കോടതി വിസ്തരിച്ചിരുന്നു. കേസിൽ അഞ്ചാം പ്രതിയാണ് അഡ്വ കെ ബാലകൃഷ്ണ ഷെട്ടി. മ‍ഞ്ചേശ്വരം കോഴക്കേസില്‍ പട്ടികജാതി/ പട്ടിക വര്‍ഗ്ഗ അതിക്രമം തടയല്‍ വകുപ്പ് കൂടി ചേർത്ത് ക്രൈം ബ്രാഞ്ച് ഇടക്കാല റിപ്പോര്‍ട്ട് നൽകിയതോടെയാണ് അഡ്വ കെ ബാലകൃഷ്ണ ഷെട്ടി മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്.

മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാര്‍ത്ഥിയായിരുന്നു കെ സുന്ദര. സ്ഥാനാര്‍തിത്വം പിന്‍വലിക്കാന്‍ രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് കേസിൽ മുഖ്യ പ്രതി. ഇദ്ദേഹത്തിന് പുറമേ മറ്റ് അഞ്ച് പേരെക്കൂടി പ്രതി ചേര്‍ത്തുള്ളതായിരുന്നു ക്രൈംബ്രാ‍ഞ്ചിന്റെ ഇടക്കാല റിപ്പോർട്ട്. യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായിക്ക്, ബിജെപി മുന്‍ ജില്ലാ പ്രസിഡന്‍റ് കെ. ബാലകൃഷ്ണ ഷെട്ടി, നേതാക്കളായ സുരേഷ് നായിക്ക്, കെ മണികണ്ഠ റൈ, ലോകേഷ് ലോണ്ട എന്നിവരാണ് മറ്റ് പ്രതികള്‍.

ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സതീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസിൽ അന്വേഷണം പൂര്‍ത്തിയാക്കിയത്. കോഴ നല്‍കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന കുറ്റത്തിന് പുറമേ ഭീഷണിപ്പെടുത്തല്‍, തടങ്കലില്‍ വയ്ക്കല്‍ എന്നീ വകുപ്പുകളും പ്രതികൾക്കെതിരെ ചുമത്തിയിരുന്നു. കെ സുന്ദര പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള ആളാണ്. അതിനാൽ എസ്‍സി - എസ്ടി അതിക്രമം തടയൽ നിയമ പ്രകാരമുള്ള വകുപ്പുകള്‍ കൂടി ചുമത്തണമെന്ന് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അന്വേഷണ സംഘത്തോട് നിര്‍ദേശിച്ചിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഗവർണർ തീരുമാനിച്ചു, ലോക്ഭവൻ ഔദ്യോഗിക വിജ്ഞാപനം ഇറക്കി, കാലിക്കറ്റ് സർവകലാശാലയുടെ പുതിയ വൈസ് ചാൻസലായി ഡോ. പി. രവീന്ദ്രനെ നിയമിച്ചു
അഗത്തിയിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാനയാത്ര; എംപിമാർ സുരക്ഷാ പരിശോധനയ്ക്ക് തയ്യാറായില്ലെന്ന് പരാതി