മഞ്ചിക്കണ്ടി മാവോയിസ്റ്റ് ഏറ്റുമുട്ടല്‍: മൃതദേഹം സംസ്കരിക്കാനുളള നീക്കവുമായി പൊലീസ്; വിട്ടുനൽകണമെന്ന് പോരാട്ടം പ്രവർത്തകർ

By Web TeamFirst Published Nov 17, 2019, 3:16 PM IST
Highlights

അജ്ഞാത മൃതദേഹങ്ങൾ എന്നാണ് ഇവയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. രമയുടെ മൃതദേഹം അന്വേഷിച്ച് ഇതുവരെ ബന്ധുക്കളാരും എത്തിയിട്ടില്ല. 

പാലക്കാട്: മഞ്ചിക്കണ്ടി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളിൽ രണ്ടുപേരുടെ മൃതദേഹങ്ങൾ സംസ്കരിക്കാനുളള നീക്കം പൊലീസ് ആരംഭിച്ചു. ഇതിന് മുന്നോടിയായി തമിഴ് ദിനപ്പത്രങ്ങളിൽ അറിയിപ്പ് നൽകി. അതേസമയം മൃതദേഹം വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ട് പോരാട്ടം പ്രവർത്തകർ തൃശൂര്‍ ജില്ല കളക്ടര്‍ക്ക് അപേക്ഷ നല്‍കി. 

ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട തമിഴ്നാട് സ്വദേശികളായ രമയുടേയും ശ്രീനിവാസന്‍റേയും മൃതദേഹങ്ങൾ ഇപ്പോഴും തൃശൂര്‍ മെഡിക്കല്‍ കോളേജിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അജ്ഞാത മൃതദേഹങ്ങൾ എന്നാണ് ഇവയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. രമയുടെ മൃതദേഹം അന്വേഷിച്ച് ഇതുവരെ ബന്ധുക്കളാരും എത്തിയിട്ടില്ല.

കൊല്ലപ്പെട്ട മാവോയിസ്റ്റ് കാർത്തിയുടെ മൃതദേഹം തൃശ്ശൂരിൽ സംസ്‌കരിക്കില്ല; കോയമ്പത്തൂരേക്ക് കൊണ്ടുപോകും

ഈ സാഹചര്യത്തിലാണ് രമയുടെ മൃതദേഹം  സംസ്കരിക്കാൻ വിട്ടു നൽകണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകർ കളക്ടർക്ക് കത്ത് നൽകിയത്. അല്ലാത്തപക്ഷം അന്തിമ അഭിവാദ്യം അർപ്പിക്കാൻ അവസരമൊരുക്കണമെന്നതാണ് ഇവരുടെ ആവശ്യം. രമയുടെ ബന്ധുക്കൾ എത്തിച്ചേരാതിരിക്കാന്‍ പൊലീസ് ഇവരെ ഭീഷണിപ്പെടുത്തുന്നതായും പേരാട്ടം പ്രവർത്തകർ ആരോപിച്ചു. ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട കാര്‍ത്തി, മാണിവാസകം എന്നിവരുടെ മൃതദേഹങ്ങള്‍ പൊലീസ് നേരത്തെ  ബന്ധുക്കൾക്ക് വിട്ടു നൽകിയിരുന്നു. 

click me!