വിശദാംശങ്ങള്‍ പുറത്തായി; ഇന്‍റഗ്രേറ്റഡ് ട്രാഫിക് മാനേജ്‍മെന്‍റ് സിസ്റ്റത്തിന്‍റെ ടെണ്ടര്‍ റദ്ദാക്കി

By Web TeamFirst Published Feb 25, 2020, 9:59 PM IST
Highlights

കെൽട്രോൺ വഴി ഒരു കമ്പനിക്ക് ടെണ്ടര്‍ കൊടുക്കാൻ വഴിവിട്ട നീക്കം നീക്കുന്നതായി പ്രതിപക്ഷ നേതാവ് ആരോപിച്ചിരുന്നു.

തിരുവനന്തപുരം: ഇന്‍റഗ്രേറ്റഡ് ട്രാഫിക് മാനേജ്‍മെന്‍റ് സിസ്റ്റത്തിന്‍റെ ടെണ്ടര്‍ റദ്ദാക്കി. സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പദ്ധതിയുടെ ടെണ്ടറാണ് റദ്ദാക്കിയത്. ടെണ്ടർ വിശദാംശങ്ങൾ പുറത്തായ സാഹചര്യത്തിലാണ് നടപടി. സംസ്ഥാനത്ത് ട്രാഫിക് നിയന്ത്രണം സ്വകാര്യവത്കരിക്കാൻ ആഭ്യന്തര വകുപ്പ് നീക്കം നടത്തുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. കേരളത്തിലെ റോഡുകളിൽ നടക്കുന്ന ട്രാഫിക് ലംഘനങ്ങൾ കണ്ടുപിടിക്കാനും അതിൽ ജനങ്ങളിൽ നിന്ന് പിഴയീടാക്കാനും ഒരു സ്വകാര്യ കമ്പനിക്ക് അനുവാദം നൽകുന്ന വിചിത്ര പദ്ധതി സംസ്ഥാന പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ തയ്യാറാകുന്നെന്നായിരുന്നു ചെന്നിത്തല വാർത്താ സമ്മേളനത്തിൽ ആരോപിച്ചത്.

സംസ്ഥാനത്തൊട്ടാകെ പൊലീസിന്‍റെ എല്ലാ കേന്ദ്രങ്ങളിലും ആരംഭിക്കാൻ വേണ്ടി പദ്ധതിയിട്ടിരിക്കുന്ന ഈ നടപടി കാരണം ഒരു സ്വകാര്യ കമ്പനിക്ക് വൻ തോതിൽ ലാഭമുണ്ടാകാൻ പോകുകയാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തിയിരുന്നു. പദ്ധതിയനുസരിച്ച് സംസ്ഥാനത്തൊട്ടാകെ സ്വകാര്യ കമ്പനി 350 സ്പീഡ് ലിമിറ്റ് വയലേഷൻ ക്യാമറകളും, 30 റെഡ് ലൈറ്റ് വയലേഷൻ ക്യാമറകളും, 100 ഹെൽമെറ്റ് ആബ്സൻസ് ഡിറ്റെക്ഷൻ ക്യാമറകളും സ്ഥാപിക്കും. ഇവർ തന്നെ ട്രാഫിക് കുറ്റങ്ങൾ കണ്ട് പിടിച്ച് പൊലീസിനെ ഏൽപ്പിക്കും പൊലീസ് പിഴ ചുമത്തുന്നതാണ് പദ്ധതി. 

click me!