ദിലീപ് പ്രതിയായ ക്വട്ടേഷന്‍ പീഡനക്കേസ്: മഞ്ജുവാര്യരുടെ മൊഴി എന്താകും? സാക്ഷി വിസ്താരം ഇന്ന്

By Web TeamFirst Published Feb 27, 2020, 12:14 AM IST
Highlights

നടിക്ക് പിന്തുണ അര്‍പ്പിച്ച് കൊച്ചിയില്‍ താരസംഘടന സംഘടിപ്പിച്ച ചടങ്ങിലായിരുന്നു മഞ്ജു വാര്യര്‍ ക്രിമിനല്‍ ഗൂഢാലോചനയിലേക്ക് വിരല്‍ചൂണ്ടിയത്

കൊച്ചി: നടന്‍ ദിലീപ് പ്രതിയായ ക്വട്ടേഷന്‍ പീഡനക്കേസില്‍  മുന്‍ ഭാര്യ മഞ്ജുവാര്യരുടെ  സാക്ഷി വിസ്താരം ഇന്ന് നടക്കും. നടിയെ ആക്രമിച്ചതിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന് ആരോപിച്ച മഞ്ജു, ഇക്കാര്യം കോടതിയില്‍ ആവര്‍ത്തിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. അഞ്ച് വര്‍ഷം മുമ്പ്  ദിലീപും മഞ്ജുവും വിവാഹ മോചനം നേടിയ അതേ കോടതിസമുച്ചയത്തിലാണ് കേസിന്‍റെ വിചാരണ നടക്കുന്നത്.

നടിക്ക് പിന്തുണ അര്‍പ്പിച്ച് കൊച്ചിയില്‍ താരസംഘടന സംഘടിപ്പിച്ച ചടങ്ങിലായിരുന്നു മഞ്ജു വാര്യര്‍ ക്രിമിനല്‍ ഗൂഢാലോചനയിലേക്ക് വിരല്‍ചൂണ്ടിയത്. ദിലീപ് അറസ്റ്റിലാവുന്നതിന് ഏറെ മുമ്പെയുള്ള മഞ്ജുവിന്‍റെ വാക്കുകള്‍ കേരളം ഏറെ ചര്‍ച്ചചെയ്തു. വര്‍ഷങ്ങല്‍ക്കിപ്പുറം കേസില്‍ മഞ്ജു മൊഴി നല്‍കാനെത്തുമ്പോള്‍ ഇക്കാര്യം കോടതിയില്‍ ആവര്‍ത്തിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

ദിലീപും കാവ്യാ മാധവനുമായുള്ള ബന്ധത്തെക്കുറിച്ച് ആക്രമത്തിനരയായ നടി മഞജുവാര്യരെ അറിയിച്ചതാണ് വൈരാഗ്യത്തിനു പിന്നിലെ പ്രധാന കാരണം എന്നാണ് പ്രൊസിക്യൂഷന്‍ വാദം. ഈ സാഹചര്യത്തില്‍ ദിലിപീനെതിരെയുള്ള ഗൂഢാലോചനക്കുറ്റം തെളിയിക്കുന്നതിൽ മൊഴി നിർണ്ണായകമാകും. സിദ്ദീഖ്, ബിന്ദു പണിക്ക്‍ എന്നിവരാണ് ഇന്ന് വിസ്തരിക്കപ്പെടുന്ന മറ്റ് പ്രമുഖര്‍.

കൊച്ചിയില്‍ അമ്മയുടെ താരഷോയുടെ റിഹേഴ്സലിനിടെ ദിലീപും ആക്രമത്തിനിരയായ നടിയും പരസ്യമായി വഴിക്കിട്ടിരുന്നു. അന്ന് തര്‍ക്കം തീര്‍ക്കാന്‍ ഇടപെട്ടത് സിദ്ദീഖും ബിന്ദുപണിക്കരുമയിരുന്നു. സംയുക്താ വര്‍മ്മ, ഗീതു മോഹന്‍ദാസ്, ശ്രീകുമാര്‍ മേനോന്‍ എന്നിവരും വരും ദിവസങ്ങളില്‍ വിസ്താരത്തിന് എത്തുന്നുണ്ട്.

5 വര്‍ഷം മുമ്പ് ദിലീപും മഞ്ജുവും വിവാഹ മോചിതരായതും കലൂരിലെ വിചാരണ നടക്കുന്ന ഇതേ കോടതിസമുച്ചയത്തില്‍ വച്ചായിരുന്നു. അന്ന് കുടുംബ കോടതിയായി പ്രവർത്തിച്ച കോടതി മുറി പിന്നീട് പ്രത്യേക സി ബി ഐ കോടതിയാക്കി മാറ്റി. കേസില്‍ വനിതാ ജഡ്ജി വേണമെന്ന
ഇരയായ നടിയുടെ അഭ്യര്‍ഥന കണക്കിലെടുത്ത് സിബിഐ ജ‍ഡ്ജിയായ ഹണി എം വര്‍ഗീസിനെ പ്രത്യേക കോടതി ജഡ്ജിയായി നിയമിച്ചിട്ടുണ്ട്.

click me!