
പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥിത്വത്തെ ചൊല്ലി മുസ്ലിം ലീഗിൽ പടയൊരുക്കം. എൽഡിഎഫിൽ സിപിഐയും യുഡിഎഫിൽ മുസ്ലിം ലീഗും മത്സരിക്കുന്ന പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് നിയമസഭാ സീറ്റിലെ സ്ഥാനാർത്ഥിത്വത്തെ ചൊല്ലിയാണ് തർക്കം. തുടർച്ചയായ മൂന്ന് ടേമായി ഇവിടെ മത്സരിച്ച് ജയിക്കുന്ന എൻ ഷംസുദ്ദീനെ ഇനി മത്സരിപ്പിക്കരുതെന്നാണ് ആവശ്യം. ഷംസുദീൻ ഇത്തവണ മാറിനിൽക്കണമെന് ഒരു വിഭാഗം ആവശ്യപ്പെടുന്നു. മണ്ണാർക്കാട് നിന്നുള്ളവർക്ക് അവസരം നൽകണമെന്നാണ് ആവശ്യം. ഇക്കാര്യം പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ അറിയിച്ചു. ഷംസുദ്ദീനെതിരെ നിലപാടെടുത്തവർ ഇന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാമിനെയും കാണുമെന്നാണ് വിവരം. എന്നാൽ ഷംസുദ്ദീൻ മണ്ഡലത്തിൽ മത്സരിക്കണമെന്ന നിലപാടുള്ളവരും മണ്ണാർക്കാടുണ്ട്.
1957 മുതൽ 1982 വരെ ഇകെ ഇമ്പിച്ചി ബാവയടക്കം സിപിഐ സ്ഥാനാർത്ഥികളെ ജയിപ്പിച്ച മണ്ഡലമാണ് മണ്ണാർക്കാട്. 1987 ലും 1991 ലും ഇവിടെ മുസ്ലിം ലീഗ് ജയിച്ചു. 1996 ൽ സിപിഐ മണ്ഡലം തിരികെ പിടിച്ചെങ്കിലും 2001 ൽ കൈവിട്ടു. പിന്നീട് 2006 ലാണ് അവസാനമായി സിപിഐ മണ്ഡലത്തിൽ ജയിച്ചത്. 2011 മുതൽ നടന്ന മൂന്ന് തെരഞ്ഞെടുപ്പിലും എൻ ഷംസുദ്ദീനാണ് മണ്ഡലത്തിൽ നിന്ന് വിജയിച്ചത്. മണ്ണാർക്കാട് മുനിസിപ്പാലിറ്റി, അഗളി, അലനല്ലൂർ, കൊട്ടോപ്പാടം, കുമരംപുത്തൂർ, തെങ്കര, പുദൂർ, ഷോളയൂർ പഞ്ചായത്തുകളും അടങ്ങുന്നതാണ് മണ്ണാർക്കാട് നിയോജക മണ്ഡലം. 2021 ലെ തെരഞ്ഞെടുപ്പിൽ 5870 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് ലീഗ് സ്ഥാനാർത്ഥി ജയിച്ചത്. എൻഡിഎയിൽ നിന്ന് എഐഎഡിഎംകെ സ്ഥാനാർത്ഥിയായി മത്സരിച്ച അഗളി നസീമ 10376 വോട്ട് മണ്ഡലത്തിൽ നേടിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam