മൻസൂര്‍ വധം: സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നു;കൊലയ്ക്ക് മുമ്പ് ചിലര്‍ ഫോണില്‍ സംസാരിക്കുന്നതായി ദൃശ്യത്തില്‍

By Web TeamFirst Published Apr 13, 2021, 9:39 AM IST
Highlights

സംഭവ സ്ഥലത്തിന് തൊട്ടടുത്തായി ചിലർ ഫോണിൽ സംസാരിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇത് കൃത്യത്തിന് മുമ്പുള്ള ഗൂഡാലോചനയാണോ എന്ന് പൊലീസ് പരിശോധിക്കുകയാണ്.

കണ്ണൂര്‍: പാനൂരിൽ യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂരിനെ കൊലപ്പെടുത്തുന്നതിന് തൊട്ടുമുമ്പുള്ള പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. സംഭവ സ്ഥലത്തിന് തൊട്ടടുത്തായി ചിലർ ഫോണിൽ സംസാരിക്കുന്നത് ഗൂഡാലോചന നടത്തുന്നതാണോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്. നാലാം പ്രതി ശ്രീരാഗിനെ ഒന്നാം പ്രതി ഷിനോസ് കൊലപാതകത്തിന് തൊട്ടുമുമ്പ് പലതവണ ഫോണിൽ വിളിച്ചതിന്‍റെ തെളിവുകളും പുറത്തുവന്നു.

മൻസൂർ ആക്രമിപ്പെട്ട സ്ഥലത്തിന് തൊട്ടടുത്തുള്ള സിസിടിവി ദൃശ്യമാണ് പൊലീസിന് കിട്ടിയത്. കൊലപാതകത്തിന് മിനുട്ടുകൾക്ക് മുമ്പ് മൂന്ന് പേർ വന്ന് പോകുന്നതും ഫോണിൽ സംസാരിക്കുന്നതും ദൃശ്യത്തിലുണ്ട്. ഇത് കൃത്യത്തിന് മുമ്പുള്ള ഗൂഡാലോചനയാണോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്. ഇവർ ആരെന്ന് ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. അക്രമം നടത്താനുള്ള ആയുധങ്ങളും ബോംബും ശേഖരിച്ചതും വാട്സാപ് സന്ദേശങ്ങൾ വഴിയാണ്. ഈ സന്ദേശം കിട്ടി സ്ഥലത്ത് എത്തിയവരാണോ ദൃശ്യങ്ങളിലുള്ളതെന്നും പൊലീസ് സംശയിക്കുന്നുണ്ട്. അക്രമത്തിന് ശേഷം പ്രതികൾ ഓടിപ്പോകാൻ സാധ്യതയുള്ള വഴികളിലെ സിസിടിവികളും പൊലീസ് ശേഖരിച്ചുവരികയാണ്.

ഇതിനിടെ ഒന്നാം പ്രതി ഷിനോസിന്‍റെ ഫോണിൽ നിന്ന് നാലാം പ്രതി ശ്രീരാഗിന്‍റെ ഫോണിലേക്ക് കൃത്യത്തിന് തൊട്ടുമുമ്പ് പലതവണ വിളിച്ചതിന്‍റെ സ്ക്രീൻ ഷോട്ടുകൾ പുറത്തുവന്നു. റിമാൻഡിലായ ഒന്നാം പ്രതി ഷിനോസിന്‍റെ ഈ മൊബൈലിൽ നിന്നാണ് ഗൂഢാലോചന തെളിയിക്കുന്ന വാട്സാപ്പ് ചാറ്റ് പൊലീസിന് കിട്ടിയത്. റിമാൻഡിലായ പ്രതികളെ തെളിവെടുക്കാനായി ഇപ്പോൾ കസ്റ്റഡിയിൽ വാങ്ങേണ്ടെന്ന നിലപാടിലാണ് അന്വേഷണ സംഘം. മുഴുവൻ പ്രതികളെയും പിടികൂടിയ ശേഷം ഒരുമിച്ച തെളിവെടുപ്പ് നടത്താനാണ് തീരുമാനം. അതേസമയം കേസിലെ രണ്ടാം പ്രതി രതീഷിന്‍റെ മരണത്തിന് കാരണം കള്ളക്കേസിൽ കുടുക്കിയതിന്‍റെ മനോവിഷമമാണെന്ന് അമ്മ പത്മാവതി ആരോപിച്ചു. മകന്‍റെ മരണത്തിന് ഇടയാക്കിയവർക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് പത്മിനി കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി.

click me!