
കണ്ണൂര്‍: തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ മൻസൂർ വധ കേസിലെ രണ്ടാം പ്രതി രതീഷിന്റെ ആന്തരിക അവയവങ്ങൾക്ക് ക്ഷതമേറ്റിട്ടുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പൊലീസ് വിശദമായ അന്വേഷണം നടത്തും. രതീഷിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കെ സുധാകരന്‍ ആരോപിച്ചിരുന്നു. ആത്മഹത്യയിൽ നിഗൂഢതയുണ്ടെന്നും തെളിവുനശിപ്പിക്കുന്നതിന്റെ ഭാഗമായി കൊന്ന് കെട്ടിത്തൂക്കിയതാണെന്നുമായിരുന്നു യുഡിഎഫ് ആരോപണം.
അതേസമയം, പാനൂരിലെ ലീഗ് പ്രവര്‍ത്തകന്‍ മൻസൂർ കൊല്ലപ്പെട്ട കേസ് സംസ്ഥാന ക്രൈംബ്രാഞ്ച് നാളെ ഏറ്റെടുക്കും. നിലവിലെ അന്വേഷണ ഉദ്യാഗസ്ഥൻ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ ഇസ്മായിൽ കേസ് ഡയറി പുതിയ അന്വേഷണ സംഘത്തിന് നാളെ കൈമാറും. നിലവിൽ പൊലീസിന്‍റെ കസ്റ്റഡിയിലുള്ള പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും. നാലാം പ്രതി ശ്രീരാഗ്, ഏഴാം പ്രതി അശ്വന്ത്, പ്രതിപട്ടികയിൽ ഇല്ലാത്ത അനീഷ് എന്നിവരാണ് നിലവിൽ കസ്റ്റഡിയിലുള്ളത്.
മേൽനോട്ട ചുമതലയുള്ള ഐജി യോഗേഷ് അഗർവാൾ തെരഞ്ഞെടുപ്പ് ഡെപ്യൂട്ടേഷനിൽ കേരളത്തിന് പുറത്തായതിനാൽ ഐജി സ്പർജൻ കുമാറായിരിക്കും താൽക്കാലികമായി അന്വേഷണം ഏകോപിക്കുക. ഇതുവരെ നാല് പേരാണ് പൊലീസിന്‍റെ പിടിയിലായത്. മറ്റുള്ളവർക്ക് വേണ്ടിയുള്ള അന്വേഷണം ഊർജ്ജിതമായി നടക്കുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam