മൻസൂർ വധം: രതീഷിന്റെ ശരീരത്തിൽ നിന്ന് ശേഖരിച്ച സാംപിളുകൾ ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കും

By Web TeamFirst Published Apr 14, 2021, 12:44 PM IST
Highlights

മൻസൂർ വധത്തിൽ കൂടുതൽ പ്രതികളുണ്ടായേക്കുമെന്ന് സൂചനയുണ്ട്. ഇന്നലെ പിടിയിലായ ബിജേഷിനെ ചോദ്യം ചെയ്തപ്പോഴാണ് പല പേരുകളും വ്യക്തമായത്

കണ്ണൂർ: മൻസൂർ വധക്കേസിലെ പ്രതി രതീഷിന്റെ ശരീരത്തിൽ നിന്ന് ശേഖരിച്ച സാംപിളുകൾ ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കാൻ പോലീസ്. മരിക്കുന്നതിന് മുൻപ് ആരെങ്കിലും മർദ്ദിച്ചോ, സംഘർഷത്തിൽ നഖങ്ങൾക്കിടയിലോ മറ്റോ രക്തക്കറ പുരണ്ടോ എന്നിങ്ങനെയാണ് പരിശോധന. മരിക്കുന്നതിന് മുമ്പ് രതീഷിനൊപ്പം ശ്രീരാഗിനെ കൂടാതെ മറ്റു രണ്ട് പ്രതികൾ കൂടി ഉണ്ടായിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

മൂന്നാം പ്രതി സംഗീത്, അഞ്ചാം പ്രതി സുഹൈൽ എന്നിവരാണ് ഒളിവിൽ ഒന്നിച്ചുണ്ടായിരുന്നത്. പ്രദേശവാസികളായ സിപിഎം പ്രവർത്തകരെ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. അതേസമയം മൻസൂർ വധത്തിൽ കൂടുതൽ പ്രതികളുണ്ടായേക്കുമെന്ന് സൂചനയുണ്ട്. ഇന്നലെ പിടിയിലായ ബിജേഷിനെ ചോദ്യം ചെയ്തപ്പോഴാണ് പല പേരുകളും വ്യക്തമായത്.

രതീഷിന്റേത് കൊലപാതകമാണോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്. മരണത്തിന് അൽപ്പസമയം മുമ്പാണ് രതീഷിന്റെ ആന്തരികാവയവങ്ങൾക്ക് പരിക്കേറ്റതെന്ന് വിശദമായ പരിശോധനയിൽ വ്യക്തമായി. മുഖത്തും മുറിവുകളുണ്ടായി. ഇത് ശ്വാസം മുട്ടിക്കാൻ ശ്രമം നടന്നതിനിടയിൽ ഉണ്ടായതാണെന്നാണ് പൊലീസിന്റെ സംശയം. ഇന്നലെ ഫോറൻസിക് സർജനടക്കം സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.

click me!