
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികളെ നിരീക്ഷിക്കാനുള്ള പൊലീസിന്‍റെ കൊവിഡ് സേഫ്റ്റി ആപ്പിനെ ചൊല്ലി ആശയക്കുഴപ്പവും ആശങ്കയും. ക്വാറന്റീൻ ലംഘകരെ കണ്ടെത്താൻ കൊവിഡ് സേഫ്റ്റി ആപ്പ് ഉപയോഗിക്കുന്നത് സ്വകാര്യതയുടെ ലംഘനമാണെന്ന വാദം ശക്തമാകുമ്പോൾ ഏത് ആപ്പ് ഉപയോഗിക്കണമെന്ന കാര്യത്തിൽ പൊലീസിനും വ്യക്തതയില്ല.
തിരുവനന്തപുരം വട്ടിയൂർക്കാവിൽ ക്വാറന്റിനീലുള്ളവരെ വാട്സാപ്പ് ഗ്രൂപ്പിൽ ചേർത്ത ശേഷം പൊലീസ് നൽകിയ നിർദേശം എല്ലാവരും ഒരു ആപ്പ് ഇൻസ്റ്റാൾ ചെയ്യണമെന്നാണ്. ഈ ലിങ്കിലേക്ക് എത്തുമ്പോൾ അത് പൊലീസിന്റെ കൊവിഡ് സേഫ്റ്റി ആപ്പിലേക്കാണെത്തുക. എവിടെയൊക്കെ പോവുന്നുവെന്നത് നിരീക്ഷിക്കാനാണ് ആപ്പെന്ന് തുടക്കത്തിൽ തന്നെ പറയുന്നു. ആപ്പ് ഉപയോഗിക്കാത്തപ്പോൾ പോലും ഇത് പ്രവർത്തിച്ച് വിവരങ്ങളെടുക്കും. നിർബന്ധിതമായി ഇത് ചെയ്യുന്നതിലൂടെ സ്വകാര്യത ലംഘിക്കുകയാണെന്നാണ് ഒരു വിമർശനം.
അതേസമയം ഏത് ആപ്പാണ് ഉപയോഗിക്കുന്നത് എന്നതിൽ സംസ്ഥാനത്ത് പൊലീസിൽ ഏകീകൃത രൂപമില്ല. കൊവിഡ് സേഫ്റ്റി ആപ്പ് സാങ്കേതിക പ്രശ്നങ്ങൾ കാരണം ഇപ്പോൾ ഉപയോഗിക്കുന്നില്ലെന്നും ഫോൺ നമ്പർ മാത്രം ശേഖരിച്ച് പൊലീസിന്റെ കൈവശമുള്ള പ്രത്യേക ആപ്പിലൂടെ മാത്രമാണ് വിവരങ്ങള്‍ എടുക്കുന്നതെന്നും പൊലീസ് വിശദീകരിക്കുന്നു. ഇതിലൂടെ സ്വകാര്യ വിവരങ്ങളെടുക്കുന്നില്ലെന്നും എന്നാൽ ക്വാറന്റീനിലുള്ളവരുടെ നീക്കം നിരീക്ഷിക്കുമെന്നും പൊലീസ് വ്യക്തമാക്കുന്നുണ്ട്.
സമ്പർക്ക പട്ടിക കണ്ടെത്താൻ ഫോൺ വിശദാംങ്ങളെടുക്കാനുള്ള നീക്കമടക്കം പൊലീസിന്റെ ഇടപെടൽ നേരത്തെ വിവാദമായിരുന്നു. പൊതുജനാരോഗ്യ വിഷയത്തിൽ പൊലീസ് ഇടപെടൽ തന്നെ അനുവദിക്കാവുന്നതല്ലെന്ന വാദവും ശക്തമാണ്. ക്വാറന്‍റീന്‍ കർശനമാക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചെങ്കിലും അത് എങ്ങനെ നടപ്പാക്കുമെന്ന പ്രശനമാണ് നിലവിലുള്ളത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam