ജി സുധാകരനെതിരെ പാർട്ടി കമ്മീഷന് മുന്നിൽ പരാതി പ്രളയം; പിന്തുണച്ചവര്‍ ചുരുക്കം

By Web TeamFirst Published Jul 25, 2021, 7:00 PM IST
Highlights

അന്വേഷണ പരിധിക്ക് പുറത്തുള്ളവരും സുധാകരനെതിരെ പരാതിയുമായി എത്തിയിട്ടുണ്ട്. സുധാകരൻ തന്നെയും കുടുംബത്തെയും ദ്രോഹിച്ചെന്ന് മുൻ പേഴ്സണൽ സ്റ്റാഫ് അംഗം വേണുഗോപാൽ പരാതിപ്പെട്ടു.

ആലപ്പുഴ: മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ജി സുധാകരനെതിരെ സിപിഎം അന്വേഷണ കമ്മീഷന് മുന്നിൽ പരാതികളുടെ പ്രളയം. അന്വേഷണ പരിധിക്ക് പുറത്തുള്ളവരും സുധാകരനെതിരെ പരാതിയുമായി എത്തിയിട്ടുണ്ട്. സുധാകരൻ തന്നെയും കുടുംബത്തെയും ദ്രോഹിച്ചെന്ന് മുൻ പേഴ്സണൽ സ്റ്റാഫ് അംഗം വേണുഗോപാൽ പരാതിപ്പെട്ടു. മന്ത്രി സജി ചെറിയാൻ, എ എം ആരിഫ് എം പി എന്നിവരും സുധാകരനെതിരെ എച്ച് സലാം ഉന്നയിച്ച പരാതികളെ പിന്തുണച്ചു. അമ്പലപ്പുഴ, ആലപ്പുഴ ഏരിയക്കമ്മിറ്റികളിൽ നിന്ന് ഹാജരായവരിൽ വിരലിലെണ്ണാവുന്നവർ മാത്രമാണ് സുധാകരനെ  പിന്തുണച്ചത്.

അതേസമയം, രണ്ടംഗ കമ്മീഷന്‍റെ തെളിവെടുപ്പ് പൂർത്തിയായി. റിപ്പോർട്ട് സംസ്ഥാന നേതൃത്വത്തിന് സമർപ്പിക്കും. മന്ത്രി സജി ചെറിയാൻ, എ എം ആരിഫ് എംപി എന്നിവർ ഇന്ന് കമ്മീഷന് മുന്നിലെത്തി വിവരങ്ങൾ കൈമാറി.  പ്രാദേശിക നേതാക്കളിൽ നിന്നുള്ള തെളിവെടുപ്പും ഇന്ന് നടന്നു. നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ മിനിറ്റ്സിലെ വിവരങ്ങൾ കമ്മീഷൻ ശേഖരിച്ചു. ആരോപണ വിധേയനായ ജി സുധാകരനും പരാതിക്കാരനായ അമ്പലപ്പുഴ എംഎൽഎ എച്ച് സലാമും ഇന്നലെ പാർട്ടി കമ്മീഷന് മുന്നിൽ ഹാജരായിരുന്നു. അന്വേഷണ കമ്മീഷൻ നൽകുന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാകും ജി സുധാകരനെതിരെ നടപടി വേണമോയെന്ന കാര്യത്തിൽ പാർട്ടി തീരുമാനമെടുക്കുക.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!