
തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ 2320 താത്കാലിക ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതോടെ കെഎസ്ആര്‍സിയിൽ പ്രതിസന്ധി രൂക്ഷം. ഡ്രൈവര്‍മാര്‍ ഇല്ലാത്തതിനെ തുടര്‍ന്ന് സംസ്ഥാനത്തിന്‍റെ പലയിടങ്ങളിലും കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ മുടങ്ങി. കൊട്ടാരക്കരയില്‍ 17 , ചടയമംഗലത്ത് 16, എറണാകുളം 5, ആലുവ 5, അങ്കമാലി 7 കോട്ടയത്ത് 33, പൊന്നാനി 5, മലപ്പുറം 6, പത്തനംതിട്ട 21, കണ്ണൂര്‍8, ആലപ്പുഴ 16 ഉം സര്‍വ്വീസുകള്‍ മുടങ്ങി. ഇന്നലെ 580 സര്‍വ്വീസുകള്‍ റദ്ദ് ചെയ്തിരുന്നു. പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് ഗതാഗതമന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്.
തുടര്‍ച്ചായി 179 ദിവസം ജോലിയിലുണ്ടായിരുന്ന താത്കാലിക ഡ്രൈവര്‍മാരെ ജൂണ്‍ 30 മുതല്‍ പിരിച്ചുവിട്ടിരുന്നു. എന്നാല്‍ സര്‍വ്വീസുകള്‍ തടസപ്പെടാതിരിക്കാന്‍ ഇവരില്‍ ചിലരെ പല യൂണിറ്റുകളിലും ദിവസ വേതാനാടിസ്ഥാനത്തില്‍ വീണ്ടും നിയോഗിച്ചിരുന്നു. ഇതിനെതിരെ പിഎസ്സി ലിസ്റ്റിലുണ്ടായിരുന്നവര്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് ഹൈക്കോടതി കര്‍ശന നടപടിക്ക് നിര്‍ദ്ദേശം നൽകിയത്. താല്‍ക്കാലിക ഡ്രൈവര്‍മാരെ ഒഴിവാക്കിയതോടെ, ശരാശരി 4700 സര്‍വ്വീസുകള്‍ നടത്തുന്ന കെഎസ്ആര്‍ടിയില്‍ ഇന്നലെ 580 സര്‍വ്വീസുകളാണ് മുടങ്ങിയത്.
യാത്രക്കാരും വരുമാനവും കൂടുതലുള്ള റൂട്ടുകളിലെ ബസുകൾ മുടങ്ങാതിരിക്കാന്‍ യൂണിറ്റുകള്‍ക്ക് കെഎസ്ആര്‍ടിസി ഇന്നലെ നിര്‍ദ്ദേശം നല്‍കിയിരുന്നു. സ്ഥിരം ഡ്രൈവര്‍മാരോട് അവധി നിയന്ത്രിച്ച് സഹകരിക്കാന്‍ ഇന്നലെ കെഎസ്ആര്‍ടിസി ആവശ്യപ്പെട്ടിരുന്നു. അതേസമയം സര്‍ക്കാര്‍ സഹായം കിട്ടാത്തും സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്നും ശമ്പളം ഇതുവരെ വിതരണം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞമാസം 192 കോടി രൂപ വരുമാനം കിട്ടിയെങ്കിലും ശമ്പളം കൊടുക്കാന്‍ പറ്റാത്ത സ്ഥിതിയിലാണ് കെഎസ്ആര്‍ടിസി. കഴിഞ്ഞ മാസത്തെ ശമ്പള വിതരണത്തിലെ ബാധ്യതയും ,സ്പെയര്‍ പാര്‍ട്സിനും , ഇന്ധനത്തിനുള്ള ചെലവും കഴിച്ച് കാര്യമായ നീക്കിയിരുപ്പില്ല. ഇതാണ് ശമ്പളം മുടങ്ങാന്‍ കാരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam