
തിരുവനന്തപുരം: മദ്യവർജ്ജന നയവുമായി മുന്നോട്ട് പോകുന്ന ഇടതുസർക്കാർ ഈ വർഷം 32 ബാറുകൾക്ക് ലൈസൻസ് അനുവദിച്ചു. ഈ വർഷത്തെ 31 അപേക്ഷകളും കഴിഞ്ഞ വർഷത്തെ ഒരു അപേക്ഷയുമാണ് അംഗീകരിച്ചത്. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് എക്സൈസ് കമ്മിഷണറേറ്റ് നൽകിയ മറുപടിയിലാണ് ഇക്കാര്യമുള്ളത്.
സംസ്ഥാനത്ത് ബിയർ ആന്റ് വൈൻ പാർലറുകൾക്ക് ബാർ ലൈസൻസ് അനുവദിച്ചദതിന്റെ കണക്ക് കമ്മിഷണറേറ്റ് ക്രോഡീകരിച്ചിട്ടില്ല. ത്രീ സ്റ്റാർ, ഫോർ സ്റ്റാർ, ഫൈവ് സ്റ്റാർ ബാറുകൾക്കാണ് ലൈസൻസ് അനുവദിച്ചിരിക്കുന്നത്. പുതുതായി ആരംഭിക്കുന്ന ബാറുകളിലേറെയും എറണാകുളം, തൃശ്ശൂർ ജില്ലകളിലാണെന്നാണ് വിവരം.
മദ്യവർജ്ജനമെന്ന നയമാണ് സംസ്ഥാനത്ത് ഇടത് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. ഘട്ടംഘട്ടമായി മദ്യ ലഭ്യത കുറക്കുമെന്ന് സർക്കാർ നേരത്തെ പറഞ്ഞിരുന്നു. നിലവിൽ ത്രീ സ്റ്റാറിന് താഴേക്കുള്ള ഹോട്ടലുകൾക്ക് ബാർ ലൈസൻസ് അനുവദിക്കുന്നില്ല. സംസ്ഥാനത്ത് ബ്രൂവറികൾക്ക് ലൈസൻസ് നൽകാനുള്ള വിവാദ ഉത്തരവ് പിൻവലിച്ച ശേഷം പുതിയ ബാർ ലൈസൻസിനുള്ള അപേക്ഷകൾ സർക്കാരിന് ലഭിച്ചിട്ടില്ലെന്നും വിവരാവകാശ രേഖയിൽ വ്യക്തമാക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam