കോട്ടയത്ത് താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍ തന്നെ; 23000 പേര്‍ ക്യാമ്പുകളില്‍ കഴിയുന്നു

By Web TeamFirst Published Aug 17, 2019, 8:05 AM IST
Highlights

സാധാരണ ആറ്റില്‍ വെള്ളം കയറുമ്പോള്‍ താഴ്ന്നടിയടങ്ങളില്‍ വെള്ളം കയറാറുണ്ടെങ്കിലും ഇത്രയും ദിവസം നില്‍ക്കാറില്ലെന്ന് പ്രദേശ വാസികള്‍ പറയുന്നു. 

കോട്ടയം: മഴ കാര്യമായി പെയ്തില്ലെങ്കിലും, കോട്ടയം ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് വെള്ളമിറങ്ങാത്തത് ജനജീവിതം ദുസഹമാക്കുന്നു. ഇരുപത്തിമൂവായിരം പേർ ഒരാഴ്ചയായി ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുകയാണ്. റെഡ് അലര്‍ട്ട് ഉണ്ടായില്ല.അതി ശക്തമായി മഴയും പെയ്തില്ല. പക്ഷേ കോട്ടയത്തിന്‍റെ താഴ്ന്ന പ്രദേശങ്ങളെല്ലാം ഇപ്പോഴും വെള്ളമാണ്. വീടുകള്‍ വ്യാപാരസ്ഥാപനങ്ങള്‍ സ്കൂളുകള്‍ അങ്ങനെ വെള്ളമെത്താത്ത സ്ഥലങ്ങളില്ല. 

കഴിഞ്ഞയാഴ്ച മുതല്‍ ലീലാമ്മയും മാര്‍ട്ടിനും ക്യാമ്പിലാണ്.എന്നും രാവിലെ വീട്ടില്‍ നിന്ന് വെള്ളമിറങ്ങിയോ എന്ന് നോക്കാൻ പോകും.നിരാശയാണ് ഫലം. സമീപത്ത് വെള്ളം നിറഞ്ഞിട്ടും വീട് വിട്ട് പോകാത്ത ചിലരെയും കാണാം. ഉയര്‍ന്ന പ്രദേശങ്ങളില്‍ സ്കൂളുകള്‍ തുറന്നു. പക്ഷേ 175 ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന കുമരകം, കോട്ടയം, അയ്മനം എന്നിവടങ്ങളിലൊന്നും സ്കൂളുകള്‍ തുറന്നിട്ടില്ല.

മഴ പെയ്തില്ലെങ്കിലും ഒരാഴ്ച വരെ കാത്തിരിക്കണം ഈ വെള്ളമിറങ്ങാൻ. മീനച്ചിലാര്‍ മൂന്ന് തവണയാണ് കരകവിഞ്ഞത്. കൂടാത മുണ്ടക്കയം അടുക്കം മേഖലകളില്‍ 11 ചെറു ഉരുള്‍പൊട്ടലുകളുമുണ്ടായി.അതാണ് വെള്ളം കുതിച്ചൊഴുകി താഴ്ന്ന പ്രദേശങ്ങളിലേക്കെത്തിയത്. സാധാരണ ആറ്റില്‍ വെള്ളം കയറുമ്പോള്‍ താഴ്ന്നടിയടങ്ങളില്‍ വെള്ളം കയറാറുണ്ടെങ്കിലും ഇത്രയും ദിവസം നില്‍ക്കാറില്ലെന്ന് പ്രദേശ വാസികള്‍ പറയുന്നു. 

click me!