ഭരണം പിടിക്കാൻ കണ്ണൂർ കോർപ്പറേഷനിൽ ഇന്ന് യുഡിഎഫിന്‍റെ അവിശ്വാസ പ്രമേയം

By Web TeamFirst Published Aug 17, 2019, 6:59 AM IST
Highlights

തലനാരിഴയ്ക്ക് കൈവിട്ട കോർപ്പറേഷൻ ഭരണം, അവസാന ഘട്ടത്തിലെങ്കിലും പിടിക്കാനുറച്ചാണ് യുഡിഎഫ്.

കണ്ണൂര്‍: ഇടത് മുന്നണിയിൽ നിന്ന് ഭരണം പിടിക്കാൻ കണ്ണൂർ കോർപ്പറേഷനിൽ ഇന്ന് യുഡിഎഫിന്‍റെ അവിശ്വാസ പ്രമേയം. കഴിഞ്ഞ തവണ ഇടതിനൊപ്പം നിന്ന് ഡെപ്യൂട്ടി മേയറായ കോൺഗ്രസ് വിമതൻ പി കെ രാഗേഷിനെ ഒപ്പം നിർത്തിയാണ് യുഡിഎഫ് നീക്കം. മുന്നണിയിലെ പ്രശ്‍നങ്ങള്‍ പരിഹരിച്ചെന്ന ആത്മവിശ്വാസം യുഡിഎഫിനുണ്ടെങ്കിലും, കഴിഞ്ഞ തവണത്തേതിന് സമാനമായ നാടകീയ നീക്കങ്ങളുണ്ടാകുമെന്ന് ഉറപ്പാണ്. 

തലനാരിഴയ്ക്ക് കൈവിട്ട കോർപ്പറേഷൻ ഭരണം, അവസാന ഘട്ടത്തിലെങ്കിലും പിടിക്കാനുറച്ചാണ് യുഡിഎഫ്. 55 അംഗ കൗൺസിലിൽ എൽഡിഎഫിനും യുഡിഎഫിനും 27 അംഗങ്ങൾ വീതമാണുണ്ടായിരുന്നത്. ഒരു എൽഡിഎഫ് കൗൺസിലർ കഴിഞ്ഞ ആഴ്ച മരിച്ചതോടെ എൽ‍ഡിഎഫ് അംഗബലം 26 ആയി ചുരുങ്ങി. അവിശ്വാസ പ്രമേയം പാസാകാൻ വേണ്ടത് 28 പേരുടെ പിന്തുണയാണെന്നിരിക്കെ 27 അംഗങ്ങളുള്ള യുഡിഎഫ്, വിമത കൗൺസിലർ പി കെ രാഗേഷിന്‍റെ പിന്തുണ ഉറപ്പാക്കിയ ആത്മവിശ്വാസത്തിലാണ്. 

യുഡിഎഫ് വിമതനായി ജയിച്ച പി കെ രാഗേഷിനെ ഡെപ്യൂട്ടി മേയറാക്കിയാണ് കഴിഞ്ഞ തവണ എൽഡിഎഫ് ഭരണം പിടിച്ചത്. മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ പി.കെ രാഗേഷുമായുള്ള തർക്കം തീർത്താണ് അവിശ്വാസ പ്രമേയം. അവിശ്വാസ പ്രമേയ നോട്ടീസിന്മേല്‍ ചർച്ചക്ക് ശേഷം ഉച്ചയ്ക്കാണ് വോട്ടെടുപ്പ്. മൂന്ന് മണിയോടെ ഫലമറിയാം.

പി കെ രാഗേഷ് തുണച്ചാലും ഒരു യുഡിഎഫ് കൗൺസിലറുടെയെങ്കിലും വോട്ട് അസാധുവായാൽ അവിശ്വാസ പ്രമേയം പരാജയപ്പെടും. നാടകീയ നീക്കങ്ങൾക്കൊടുവിൽ ഇടത് മുന്നണി ഭരണം പിടിച്ച കണ്ണൂർ കോർപ്പറേഷനിൽ അവിശ്വാസ പ്രമേയ നടപടികളിലും ഈ നാടകീയത ഉറപ്പാണ്. ഹൈക്കോടതി നിർദ്ദേശ പ്രകാരം കോർപ്പറേഷനിലും പരിസരപ്രദേശങ്ങളിലും പൊലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്. 

click me!