
തിരുവനന്തപുരം: പുല്ലുവിളയിൽ കൊവിഡ് ബാധിച്ചു മരിച്ചയാളുടെ സംസ്കാരം നടന്നത് മാനദണ്ഡങ്ങൾ പാലിക്കാതെ. മൃതദേഹം മറവ് ചെയ്തതിന് ശേഷമാണ് പരേത കൊവിഡ് പൊസിറ്റീവാണെന്ന വിവരം പുറത്തറിയുന്നത്. ഇതോടെ സംസ്കാരച്ചടങ്ങിൽ സഹകരിച്ച ബന്ധുക്കളും നാട്ടുകാരും ഭീതിയിലാണ്.
പുല്ലുവിള പി.പി.വിളാകം സ്വദേശിനി വിക്ടോറിയക്കാണ് മരണാനന്തരം കൊവിഡ് സ്ഥിരീകരിച്ചത്. ജൂലൈ 15-നാണ് ഇവർ സ്വന്തം വീട്ടിൽ വച്ചു മരിച്ചത്. തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജിലേക്ക് മാറ്റി. എന്നാൽ സാംപിൾ കഴിഞ്ഞിട്ടും അറിയിപ്പൊന്നും ലഭിക്കാതിരുന്നതോടെ മൃതദേഹം വിട്ടു നല്കണമെന്ന് ബന്ധുക്കൾ ശഠിച്ചു.
തുടർന്ന് ജൂലൈ- 19 ന് വിട്ടു നൽകിയ മൃതദേഹം അന്ന് വീട്ടിൽ പൊതുദർശനത്തിന് വച്ച ശേഷം പിറ്റേന്നാണ് സംസ്കരിക്കുന്നത്. നിരവധി പേർ വീട്ടിൽ വരികയും ഇടപഴകുകയും ചെയ്തതായാണ് വിവരം. ആരും സുരക്ഷാ മുൻ കരുതലുകൾ എടുത്തിരുന്നില്ല.
ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള കൊവിഡ് പരിശോധനഫലം പ്രതീക്ഷിക്കുകയാണെന്നും മാനദണ്ഡങ്ങൾ പാലിച്ച് വേണം സംസ്കാരം നടത്താനെന്ന് ബന്ധുക്കളോട് നിർദേശിച്ചിരുന്നുവെന്നുമാണ് മെഡിക്കൽ കോളജ് അധികൃതർ പറയുന്നത്.
എന്നാൽ അത്തരം നിർദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും പരിശോധനഫലം നെഗറ്റീവാണെന്ന് കരുതിയാണ് സംസ്കാരച്ചടങ്ങുകൾ നടത്തിയതെന്നുമാണ് ബന്ധുക്കളുടെ വാദം. മരിച്ചയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ സംസ്കാരച്ചടങ്ങുമായി സഹകരിച്ചവർ മുഴുവൻ ഭീതിയിലാണ്. മൃതദേഹത്തിൻ്റെ പരിശോധന ഫലത്തിന് ദിവസങ്ങളോളം കാത്തിരിക്കേണ്ടി വരുന്നതാണ് പ്രതിസന്ധി സൃഷ്ടിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam