മാവോയിസ്റ്റ് ഏറ്റുമുട്ടൽ വ്യാജം, തിരക്കഥ പൊലീസിന്‍റേതെന്ന് സ്ഥലം സന്ദര്‍ശിച്ച സിപിഐ സംഘം

By Web TeamFirst Published Nov 1, 2019, 2:26 PM IST
Highlights

പൊലീസ് വിധിക‌‌ർത്താക്കളായി മാറുന്ന രീതി പ്രാകൃതമാണെന്ന് പറഞ്ഞ പി പ്രസാദ്, സംഭവിച്ചതെന്താണെന്ന് ജനങ്ങളോട് പറയാനുള്ള ഉത്തരവാദിത്വവും കടമയും കേരളത്തിലെ ഇടത് പക്ഷ സർക്കാരിനുണ്ടെന്നും വ്യക്തമാക്കി.

പാലക്കാട്: അട്ടപ്പാടിയിൽ നടന്നത് വ്യാജ ഏറ്റുമുട്ടലെന്ന് സ്ഥലം സന്ദ‌ർശിച്ച സിപിഐ പ്രതിനിധി സംഘം. പൊലീസും മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടൽ നടന്ന മേലെ മഞ്ചിക്കണ്ടി വനത്തിലെ സ്ഥലം സന്ദ‌‌ർശിച്ച ശേഷമായിരുന്നു സിപിഐ പ്രതിനിധികളുടെ പ്രതികരണം. ഭരണകൂട ഭീകരതയാണ് അട്ടപ്പാടിയിൽ നടന്നതെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി പ്രസാദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

പ്രദേശവാസികളുമായി സംസാരിക്കുമ്പോഴും സ്ഥലം സന്ദ‌ർശിക്കുമ്പോഴും ബോധ്യപ്പെടുന്നത് ഇത് വ്യാജമായ ഏറ്റുമുട്ടലാണെന്നാണ്. പൊലീസ് 
ഒരുക്കിയ തിരക്കഥ അനുസരിച്ചാണ് ഇവിടെ ഏറ്റുമുട്ടൽ നടന്നതെന്നാണ് വ്യക്തമാവുന്നത് പി പ്രസാദ് പറയുന്നു. മാവോയിസ്റ്റുകൾ ഭക്ഷണം മോഷ്ടിക്കുകയോ സ്ത്രീകളെയോ കുട്ടികളെയോ ഉപദ്രവിക്കുകയോ ചെയ്തിട്ടില്ലെന്നാണ് പ്രദേശവാസികൾ പറയുന്നതെന്നും പി പ്രസാദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

പൊലീസ് വിധിക‌‌ർത്താക്കളായി മാറുന്ന രീതി പ്രാകൃതമാണെന്ന് പറഞ്ഞ പി പ്രസാദ്, സംഭവിച്ചതെന്താണെന്ന് ജനങ്ങളോട് പറയാനുള്ള ഉത്തരവാദിത്വവും കടമയും കേരളത്തിലെ ഇടത് പക്ഷ സർക്കാരിനുണ്ടെന്നും വ്യക്തമാക്കി. പൊലീസ് പറയുന്നത് അതുപോലെ ആവ‌ർത്തിക്കുകയല്ല സ‌ർക്കാർ ചെയ്യേണ്ടതെന്ന് പറഞ്ഞ സിപിഐ പ്രതിനിധി മജിസ്റ്റീരിയൽ അന്വേഷണത്തിൽ കുറഞ്ഞതൊന്നും ഇക്കാര്യത്തിൽ തൃപ്തികരമല്ലെന്നും വ്യക്തമാക്കി. 

മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത് വ്യാജ ഏറ്റമുട്ടലിലാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നേരത്തെ തന്നെ ആരോപിച്ചിരുന്നു. സിപിഐ അസിസ്റ്റന്‍റ് സെക്രട്ടറി പ്രകാശ് ബാബു, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി പ്രസാദ്, എംഎൽഎമാരായ ഇ കെ വിജയൻ, മുഹമ്മദ് മുഹ്സിൻ, പാലക്കാട് ജില്ലാ സെക്രട്ടറി സുരേഷ് രാജ് എന്നിവരുൾപ്പെട്ട സംഘമാണ് സ്ഥലം സന്ദ‌‌ർശിച്ചത്. 

"

click me!